ടൊറന്റോ: എഐ അടുത്ത പത്ത് വർഷത്തിനുള്ളിൽ മനുഷ്യരാശിയെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ഭയത്തോടെ കാണേണ്ടതില്ലെന്ന് പ്രമുഖ എഐ കമ്പനിയായ കോഹിയറിന്റെ സിഇഒ ഐഡൻ ഗോമസ് പറഞ്ഞു. ടൊറന്റോയിൽ നടന്ന നിക്ഷേപ ഉച്ചകോടിക്കിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഭീതിപരത്തുന്ന പ്രചാരണങ്ങൾ എഐ മേഖലയിൽ കാനഡയ്ക്കുള്ള വലിയ വികസന സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സയൻസ് ഫിക്ഷൻ സിനിമകളിലെ സങ്കൽപ്പങ്ങളാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജീവിതച്ചെലവ് കുറയ്ക്കാനും പുതിയ മരുന്നുകളും ചികിത്സകളും കണ്ടെത്താനും ഇതിനെ ഉപയോഗപ്പെടുത്തണമെന്ന് ഗോമസ് നിർദ്ദേശിച്ചു. കാനഡയിലെ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ ആദ്യകാല ഗവേഷണങ്ങൾ നടന്നതെന്നും അതിനാൽ ആഗോളതലത്തിൽ കാനഡയ്ക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തേക്ക് ഒരു ട്രില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഉച്ചകോടിയിൽ ആൽബർട്ടയിൽ 14.5 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ പദ്ധതി ഉൾപ്പെടെ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read : ഭാഷാ നിയമത്തിൽ ഇളവ് വേണം: സർക്കാരിനോട് ആവശ്യവുമായി ‘ഇലക്ഷൻസ് ക്യുബെക്’
അതേസമയം എഐ വികസനത്തിന് ആഗോളതലത്തിൽ സ്വതന്ത്രമായ ഒരു സുരക്ഷാ സംവിധാനം വേണമെന്ന നിർദ്ദേശത്തെ ഗോമസ് പിന്തുണച്ചു. എന്നാൽ സുരക്ഷയുടെ പേരിൽ വൻകിട കമ്പനികൾ വിപണിയിലെ മത്സരനിയമങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. എഐ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്നും ഈ വിഷയം മുൻനിർത്തി ജർമ്മനിയുമായി ചേർന്നുള്ള പുതിയ കരാറുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഫെഡറൽ ഡിജിറ്റൽ ഇന്നൊവേഷൻ മന്ത്രി ഇവാൻ സോളമൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









