ഓട്ടവ: അമേരിക്കയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ചോർന്നതായി റിപ്പോർട്ട്. വടക്കേ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളിലൊന്നാണിത്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ ബ്രയാൻ ക്രബ്സ് ആണ് സെപ്റ്റംബർ 1-ന് ഈ വിവരച്ചോർച്ച ആദ്യമായി പുറത്തുവിട്ടത്. റഷ്യൻ സൈബർ കുറ്റവാളികളുടെ ഫോറം വഴി പ്രചരിച്ച ‘നെക്സസ്’ എന്ന ഡാർക്ക് വെബ് സൈറ്റിലാണ് ഈ രേഖകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനിയായ ‘ഐ.ഡി.സ്കാൻ.നെറ്റ്’ (IDScan.net) എന്ന സ്ഥാപനത്തിന്റെ ക്ലൗഡ് കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ചോർന്നതാണ് ഈ വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണം. ബാധിക്കപ്പെട്ട അക്കൗണ്ടുകളിൽ ആളുകളുടെ പേരുകളും ഡ്രൈവിംഗ് ലൈസൻസ് നമ്പറുകളും അടങ്ങിയിട്ടുണ്ട്. ഏകദേശം 15 കോടിയിലധികം (153 ദശലക്ഷം) തിരിച്ചറിയൽ രേഖകൾ ചോർന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള പ്രമുഖരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
ചോർത്തപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ബാങ്ക് വായ്പകൾ എടുക്കാനും സാധ്യതയേറെയാണ്. കൂടാതെ ബാങ്കുകളിൽ നിന്നാണെന്ന വ്യാജേന ഫോൺ വിളിച്ചോ സന്ദേശങ്ങൾ അയച്ചോ ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കാനും (ഫിഷിംഗ് തട്ടിപ്പുകൾ) ക്രിമിനലുകൾ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിലവിൽ ചോർച്ച നടന്ന സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും, അപഹരിക്കപ്പെട്ട വിവരങ്ങൾ വച്ച് പുതിയ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാനഡ പോലീസും (RCMP) സൈബർ സുരക്ഷാ ഏജൻസികളും മുന്നറിയിപ്പ് നൽകി.
ALSO READ ; വിലക്കയറ്റത്തിലും നികുതിപ്പൂട്ടിലും വീർപ്പുമുട്ടി കനേഡിയൻ റെസ്റ്റോറന്റുകൾ
സ്വന്തം വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും നിരന്തരം നിരീക്ഷിക്കുക, സംശയകരമായ സന്ദേശങ്ങളോ ഫോൺ കോളുകളോ വന്നാൽ പ്രതികരിക്കാതിരിക്കുക, ഓൺലൈൻ അക്കൗണ്ടുകൾക്ക് ശക്തമായ പാസ്വേഡുകളും ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷനും’ ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിലോ സൈബർ സെല്ലിലോ പരാതിപ്പെടണമെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









