ഹാലിഫാക്സ്: യു.എസ് ഇറക്കുമതി തീരുവയും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും കാനഡയിലെ റെസ്റ്റോറന്റ് മേഖലയ്ക്ക് വൻ ഭീഷണിയാകുന്നതായി പുതിയ റിപ്പോർട്ട്. രാജ്യത്തെ അഞ്ചിലൊന്ന് (ഏകദേശം 20 ശതമാനം) റെസ്റ്റോറന്റ് ഉടമകളും വ്യാപാര നികുതികളെ തങ്ങളുടെ ബിസിനസിനെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നു.

‘എക്കണോലീസ്’ (EconoLease) പുറത്തുവിട്ട 2026-ലെ ഹോസ്പിറ്റാലിറ്റി ഓപ്പറേറ്റർ റിപ്പോർട്ട് (Hospitality Operator Report) പ്രകാരം, കാനഡയിലെ 80 ശതമാനം റെസ്റ്റോറന്റുകളും കഴിഞ്ഞ 12 മാസത്തിനിടെ വിഭവങ്ങളുടെ വില വർധിപ്പിച്ചു. ഇതിൽ 49 ശതമാനം സ്ഥാപനങ്ങളും ഉടൻ തന്നെ വീണ്ടും വില കൂട്ടാൻ നിർബന്ധിതരാകുമെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷണ-പാനീയ ചെലവുകളിൽ 64 ശതമാനവും, ജീവനക്കാരുടെ വേതനത്തിൽ 55 ശതമാനവും, വാടകയിൽ 32 ശതമാനവും വർധനവുണ്ടായതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
ഈ സാമ്പത്തിക പ്രതിസന്ധി വർഷങ്ങളുടെ പാരമ്പര്യമുള്ള ചെറുകിട സ്ഥാപനങ്ങളെപ്പോലും തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. നോവാ സ്കോഷ്യയയിലെ ഏറ്റവും പഴക്കം ചെന്ന ‘ഫിഷ് ആൻഡ് ചിപ്സ്’ റെസ്റ്റോറന്റായ ഹാലിഫാക്സിലെ ‘വിൽമൻസ്’ (Willman’s) ഇതിനൊരു ഉദാഹരണമാണ്. 1946-ൽ ആരംഭിച്ച ഈ റെസ്റ്റോറന്റ് 2004-ലാണ് ലെബനനിൽ നിന്ന് കാനഡയിലെത്തിയ ലൂസിയൻ നെഹ്മെ വാങ്ങുന്നത്.
കാലാനുസൃതമായി കെട്ടിടവും സൗകര്യങ്ങളും പുതുക്കിയെങ്കിലും ആഹാരത്തിന്റെ ഗുണനിലവാരവും രുചിയും മാറ്റമില്ലാതെ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ, നിലവിലെ സാമ്പത്തിക ഭാരം താങ്ങാനാവാത്ത അവസ്ഥയിലാണെന്ന് നെഹ്മെ പറയുന്നു. “അടുക്കള ഉപകരണങ്ങൾക്ക് കടുത്ത വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ തീരുവ കാരണം അതിർത്തി കടന്നെത്തുന്ന യന്ത്രഭാഗങ്ങളുടെ വില കുതിച്ചുയർന്നു. പണ്ട് 400 ഡോളറിന് അറ്റകുറ്റപ്പണി നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 900 ഡോളറോളമാണ് നൽകേണ്ടി വരുന്നതെന്നുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചു.
പാക്കിങ് സാമഗ്രികളായ പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിൽ, കാർഡ്ബോർഡ് ബോക്സുകൾ എന്നിവയ്ക്കുള്ള യു.എസ് നികുതി വർധനവ് റെസ്റ്റോറന്റുകളെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ, കാനഡ തിരിച്ചേൽപ്പിക്കുന്ന പ്രത്യാക്രമണ നികുതികൾ (Counter-tariffs) കൂടിയാകുമ്പോൾ തിരിച്ചടി ഇരട്ടിയാകും. പാക്കിങ് ചെലവുകൾ 50 ശതമാനത്തോളം ഉയരാൻ സാധ്യതയുണ്ടെന്ന് നെഹ്മെ ചൂണ്ടിക്കാണിക്കുന്നു.
പാചക ഉപകരണങ്ങളുടെ വിലക്കയറ്റം 28 ശതമാനം റെസ്റ്റോറന്റ് ഉടമകൾക്കും, റഫ്രിജറേഷൻ ഉപകരണങ്ങളുടെ ചെലവ് 14 ശതമാനം ഉടമകൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നേരത്തെ തന്നെ വില വർധിപ്പിച്ചതിനാൽ, ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമുണ്ടാക്കുന്ന രീതിയിൽ ഇനിയൊരു വിലവർധനവിന് നെഹ്മെക്ക് താല്പര്യമില്ല. ബിസിനസ് നിലനിർത്താൻ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് അദ്ദേഹം. എങ്കിലും, വർഷങ്ങളായി തങ്ങളെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉപഭോക്താക്കളുടെ പിന്തുണ മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ.
ബിസിനസ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു സാമ്പത്തിക തകർച്ചാ ഭീഷണി നേരിടുന്നതെന്നും, വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളെ അതിജീവിക്കാൻ തയ്യാറെടുക്കുകയാണെന്നും നെഹ്മെ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








