ഓട്ടവ: കാനഡയിലെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതും വിദേശ നിക്ഷേപകർക്ക് ഓഹരികൾ വിറ്റഴിക്കുന്നതും സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് ഭരണകക്ഷിയായ ലിബറൽ പാർട്ടി കോക്കസ്. ടൊറോന്റോ പിയേഴ്സൺ, മോൺട്രിയൽ-ട്രൂഡോ, കാൽഗറി, വൻകൂവർ എന്നീ കാനഡയിലെ പ്രധാന 4 വിമാനത്താവളങ്ങളുടെ ഓഹരികൾ വിൽക്കുന്നതും വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
എംപിമാർക്ക് മാത്രം പങ്കാളിത്തമുണ്ടായിരുന്ന തിങ്കളാഴ്ചത്തെ രഹസ്യ കോളിൽ, വിഷയം നടപ്പിലാക്കിക്കഴിഞ്ഞ ഒരു തീരുമാനമായി അവതരിപ്പിച്ചതിൽ പല ലിബറൽ എംപിമാരും കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതേക്കുറിച്ച് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും, ആവശ്യമായ നിയമനിർമ്മാണം ഈ കൊണ്ടുവരുമെന്നുമാണ് വിവരം.
നിലവിൽ ഫെഡറൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദീർഘകാല പാട്ടത്തിനെടുത്ത് ലാഭരഹിത അടിസ്ഥാനത്തിലാണ് പ്രാദേശിക എയർപോർട്ട് അതോറിറ്റികൾ ഇവ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൻകിട പദ്ധതികൾക്കായി 1 ട്രില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ടൊറോന്റോയിൽ നടക്കുന്ന ‘കാനഡ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ’ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. 2025 ലെ ഫെഡറൽ ബജറ്റിലും സാമ്പത്തിക പ്രസ്താവനയിലും ഇതിന്റെ സൂചനകൾ സർക്കാർ നൽകിയിരുന്നു.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
അതേസമയം, വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്വകാര്യവത്കരണം യാത്രക്കാർക്ക് ഉയർന്ന ചെലവ വരുത്തുമെന്നും, തൊഴിൽ സുരക്ഷയെയും വേതനത്തെയും ദോഷകരമായി ബാധിക്കുമെന്നും കനേഡിയൻ ലേബർ കോൺഗ്രസും യൂണിഫോർ വ്യോമയാന കൗൺസിലും മുന്നറിയിപ്പ് നൽകി. ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് നടന്ന വേദിക്ക് പുറത്ത് യൂണിഫോർ തൊഴിലാളികൾ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









