വാഷിംഗ്ടൺ: എച്ച്-1ബി (H-1B) ഉൾപ്പെടെയുള്ള തൊഴിൽ വിസയുള്ള വിദേശ ജീവനക്കാരുടെ 60 ദിവസത്തെ ഗ്രേസ് പിരീഡ് (ആശ്വാസ കാലാവധി) നിർത്തലാക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ഇതിനായുള്ള പുതിയ നിയമ ഭേദഗതി പുറത്തിറക്കി. നിലവിൽ ജോലി നഷ്ടപ്പെടുന്ന വിദേശ വിദഗ്ധർക്ക് രാജ്യത്ത് തുടർന്ന് മറ്റൊരു ജോലി കണ്ടെത്താനോ വിസ മാറാനോ 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന നിമിഷം തന്നെ ജീവനക്കാർക്ക് അമേരിക്ക വിടേണ്ടി വരും.
വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് കടന്നത്. എച്ച്-1ബി വിസക്കാർക്ക് പുറമെ E, L-1, O-1, TN തുടങ്ങിയ മറ്റ് പ്രധാന തൊഴിൽ വിസ വിഭാഗങ്ങൾക്കും ഈ മാറ്റം ബാധകമാകും. ഭരണപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇളവ് അവസാനിപ്പിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത് അമേരിക്കൻ സാമ്പത്തിക രംഗത്തെയും കമ്പനികളെയും ദോഷകരമായി ബാധിക്കുമെന്ന് നിയമ-സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ തീരുമാനം ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇന്ത്യക്കാർ അടക്കമുള്ള ഉയർന്ന സാങ്കേതിക വിദഗ്ധർക്കാണ്. അമേരിക്കയിലെ സർവകലാശാലകളിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കുന്നവരിൽ 80 ശതമാനത്തോളം പേരും വിദേശ വിദ്യാർത്ഥികളാണ്. അടിയന്തരമായി രാജ്യം വിടേണ്ടി വരുമ്പോൾ വർഷങ്ങളായി പടുത്തുയർത്തിയ കരിയറും ജീവിതവുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാകുന്നതെന്ന് ബാധിക്കപ്പെട്ട ജീവനക്കാർ സങ്കടത്തോടെ പറയുന്നു.
ഫ്രീലാൻസ് ജോലികൾ ചെയ്യാനും വിസ നിയന്ത്രണങ്ങൾ കാരണം സാധിക്കില്ല.
നിർദ്ദിഷ്ട നിയമ ഭേദഗതിയിൽ അഭിപ്രായം അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ഭേദഗതി ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദമുയർത്തി നിയമപരമായി ചോദ്യം ചെയ്യാനാണ് ഇമിഗ്രേഷൻ അഭിഭാഷകരുടെയും ബിസിനസ് സംഘടനകളുടെയും തീരുമാനം. എങ്കിലും, ട്രംപ് ഭരണകൂടം മുൻപും സമാനമായ വിസ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുള്ളതിനാൽ ഈ ഭേദഗതിയും നിയമമായി മാറാനാണ് കൂടുതൽ സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









