ടൊറന്റോ: ഐസ് ഹോക്കിയിലെ പഴയൊരു പ്രതിരോധ തന്ത്രത്തിൽ നിന്ന് കാനഡയുടെ ദേശീയ മുദ്രാവാക്യമായി മാറിയ ‘എൽബോസ് അപ്’ (Elbows Up) സ്വന്തമാക്കാൻ കമ്പനികൾ തമ്മിൽ കടുത്ത മത്സരം. മുദ്രാവാക്യത്തിന്മേൽ എക്സ്ക്ലൂസീവ് ട്രേഡ്മാർക്ക് അവകാശം നേടാനായി പന്ത്രണ്ടോളം കമ്പനികളാണ് കനേഡിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിനെ സമീപിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ, ബീയർ കാനുകൾ, സ്റ്റിക്കറുകൾ, ഹെൽത്ത് സപ്ലിമെന്റുകൾ എന്നിവയിൽ ഈ പ്രയോഗം പതിപ്പിച്ച് വലിയ ബിസിനസ് കെട്ടിപ്പടുക്കാനാണ് കമ്പനികളുടെ നീക്കം.
എന്നാൽ ഈ അപേക്ഷകൾക്കെതിരെ ട്രേഡ്മാർക്ക് ഓഫീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ‘എൽബോസ് അപ്’ എന്നത് ഇപ്പോൾ ഒരു കനേഡിയൻ ദേശസ്നേഹ ചിഹ്നമായി മാറിക്കഴിഞ്ഞുവെന്നും, അതിനാൽ ഏതെങ്കിലും ഒരു സ്വകാര്യ കമ്പനിക്ക് മാത്രമായി ഇതിന്റെ അവകാശം നൽകാനാകില്ലെന്നുമാണ് അധികൃതരുടെ നിരീക്ഷണം. ഉപഭോക്താക്കൾ ഈ വാക്ക് കാണുമ്പോൾ അതൊരു കമ്പനിയുടെ ബ്രാൻഡ് നാമമായിട്ടല്ല, മറിച്ച് രാജ്യത്തിന്റെ അഭിമാന സന്ദേശമായിട്ടാണ് കാണുന്നത്.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുറുകിയതോടെയാണ് ‘എൽബോസ് അപ്’ വീണ്ടും രാജ്യമെമ്പാടും തരംഗമായത്. മുൻ ഐസ് ഹോക്കി താരം ഗോർഡി ഹൗ പണ്ട് എതിരാളികളെ നേരിടാൻ ഉപയോഗിച്ചിരുന്ന ഈ ശൈലി, ഹോളിവുഡ് താരം മൈക്ക് മെയേഴ്സും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രചാരണങ്ങൾക്കായി ഉപയോഗിച്ചതോടെയാണ് ജനപ്രിയമായത്. കാനഡയിലെ ജനങ്ങൾക്ക് പൊതുവായി ഉപയോഗിക്കാനുള്ള ഈ ദേശസ്നേഹ മുദ്രാവാക്യം ഏതെങ്കിലും കമ്പനികളുടെ കുത്തകയാക്കി മാറ്റാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് നിലവിൽ അധികൃതർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









