ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിൽ ഉരിഞ്ഞുയർന്ന തർക്കങ്ങൾക്കിടയിലും, 2026-ന്റെ ആദ്യ പകുതിയിൽ ചൈനയിലേക്കുള്ള കാനഡയുടെ കയറ്റുമതിയിൽ 30 ശതമാത്തിന്റെ വൻ വർദ്ധനവ്. കാനഡ ചൈന ബിസിനസ് കൗൺസിലിന്റെയും ആൽബർട്ട സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഗവേഷകർ നടത്തിയ ഡാറ്റാ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള വ്യാപാരത്തിൽ 3.6 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാനഡയും ചൈനയും തമ്മിലുള്ള ഉപഭോക്തൃ ചരക്ക് വ്യാപാരം 2026-ന്റെ ആദ്യ പകുതിയിൽ 6,660 കോടി ഡോളറിലെത്തി. ഇതിൽ കയറ്റുമതി മാത്രം 30 ശതമാനം വർധിച്ച് 2,174 കോടി ഡോളറായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ചൈനയിലേക്കുള്ള മൊത്തം ആഭ്യന്തര കയറ്റുമതിയുടെ 58.4 ശതമാനവും ഊർജ്ജ ഉൽപ്പന്നങ്ങളും ഖനികളുമാണ്. ഇതിൽ ക്രൂഡ് ഓയിലും ദ്രവീകൃത പ്രൊപ്പെയ്നും ഉൾപ്പെടുന്ന ഊർജ്ജ മേഖലയിലെ കയറ്റുമതി മാത്രം 81.8 ശതമാനമാണ് വർധിച്ചത്. ചെമ്പ് അയിര് ഉൾപ്പെടെയുള്ള ലോഹ അയിരുകളുടെയും അലോഹ ഖനിജങ്ങളുടെയും കയറ്റുമതിയിൽ 29 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.
അമേരിക്കയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുമായുള്ള ഈ വ്യാപാര വളർച്ച വിലയിരുത്തപ്പെടുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇ.വി) വിപണിയിൽ പ്രവേശനം നൽകിക്കൊണ്ട് പ്രധാനമന്ത്രി മാർക്ക് കാർണി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കരാറിലെത്തിയിരുന്നു. ഇതിന് പകരമായി കാനോള വിത്തുകളുടെ തീരുവ കുറയ്ക്കാനും കാനോള മീൽ, പയർവർഗ്ഗങ്ങൾ എന്നിവയുടെ തീരുവ താല്‍ക്കാലികമായി ഒഴിവാക്കാനും ബെയ്ജിംഗ് തയ്യാറായി. ഇത് കനേഡിയൻ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.
വ്യാപാരക്കരാറുകളുടെ ഭാഗമായി ഇതുവരെ 15,603 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ വിപണിയിലെത്തിയിട്ടുണ്ട്. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി കുത്തനെ ഉയരുമ്പോഴും രാജ്യത്തേക്കുള്ള ഇറക്കുമതിയില്‍ 5.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിയറ്റ്‌നാം പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് നിർമ്മാണ മേഖല മാറുന്നതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, 2030-ഓടെ ചൈനയിലേക്കുള്ള കയറ്റുമതി 50 ശതമാനമായി ഉയർത്തുകയെന്ന ഓട്ടവയുടെ ലക്ഷ്യത്തിലേക്ക് കാനഡ കൃത്യമായ പാതയിലാണെന്നാണ് ആദ്യ പകുതിയിലെ കണക്കുകൾ നൽകുന്ന സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








