ഒന്റാരിയോ; കാനഡയിൽ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്റെ വറുത്ത നിലക്കടല വിപണിയിൽ നിന്ന് പിൻവലിച്ചു. എവറസ്റ്റ് ട്രേഡേഴ്സ് പുറത്തിറക്കിയ ‘റോസ്റ്റഡ് ലെമൺ എൻ ചില്ലി പീനട്സ്’ (Roasted Lemon N’ Chilli Peanuts) എന്ന ഉൽപ്പന്നമാണ് കാനഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വ്യാഴാഴ്ച വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്. ക്യുബെക്, ഒന്റാറിയോ എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്ത, 2027 ജൂൺ 30 കാലാവധി തികയുന്ന 65 ഗ്രാമിന്റെ പാക്കറ്റുകൾക്കാണ് ഈ മുന്നറിയിപ്പ് ബാധകം.
ലാബ് പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് മുൻകരുതൽ നടപടിയായി ഏജൻസി റീകാൾ നോട്ടീസ് പുറപ്പെടുവിച്ചത്. ഈ ബാച്ച് കടല കൈവശമുള്ളവർ അത് കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നും, ഉൽപ്പന്നങ്ങൾ ഉടൻ തന്നെ വലിച്ചെറിയുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ ഇത് കഴിച്ച് ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
കാഴ്ചയിലോ മണത്തിലോ മാറ്റമില്ലെങ്കിലും സാൽമൊണെല്ല അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിളക്കം, പനി, തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾക്ക് കാരണമാകും. അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും, കൂടുതൽ വിവരങ്ങൾക്ക് CFIA-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









