കാൽഗറി: വീട്ടമ്മയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതി അടക്കം മൂന്ന് പേർക്കെതിരെ കാൽഗറി പോലീസ് കേസെടുത്തു. കാനഡയിലെ കാൽഗറി സ്കൈവ്യൂവിൽ കഴിഞ്ഞ മാർച്ച് 25-നാണ് സംഭവം നടന്നത്. പണം നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ച് മണിക്കൂറുകൾക്കകം ഇരയായ സ്ത്രീയുടെ വീടിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ, ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്ത്രീയുടെ വീടും ബിസിനസ് വിവരങ്ങളും ചോർത്തി നൽകിയത് ഇവരുടെ സ്വന്തം ജീവനക്കാരിയായ കനുരീത് കൗർ (23) ആണെന്ന് പോലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കനുരീത് കൗറിനെയും, ഇരയായ സ്ത്രീയും കുറ്റവാളികളും തമ്മിൽ ബന്ധപ്പെടാൻ വഴിയൊരുക്കിയ 17-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മൂന്നാമനായ തൻവീർ സിംഗ് (21) എന്നയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെടിവെപ്പിനായി മോഷ്ടിച്ച വാഹനം ഉപയോഗിച്ചു എന്നതാണ് തൻവീറിനെതിരെയുള്ള കുറ്റം. കനുരീതിനെയും പ്രായപൂർത്തിയാകാത്ത യുവാവിനെയും നിലവിൽ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കനുരീത് ഒക്ടോബർ 6-ന് കോടതിയിൽ ഹാജരാകണം.
താൽക്കാലിക വിസയിലെത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാക്കളെ വലയിലാക്കിയാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്ന് കാൽഗറി പോലീസ് സൂപ്രണ്ട് ജെഫ് ബെൽ പറഞ്ഞു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി (CBSA) ചേർന്ന് നടത്തുന്ന പരിശോധനകൾ മൂലം നഗരത്തിൽ ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളും കുറ്റകൃത്യങ്ങളും വലിയ അളവിൽ കുറയ്ക്കാനായിട്ടുണ്ടെന്നും, ഇത്തരം ഭീഷണികൾ നേരിടുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









