ഓട്ടവ: കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ വയർലെസ് ഉപഭോക്താക്കളുടെ പ്രതിമാസ പ്ലാൻ നിരക്കുകളിൽ വീണ്ടും വിലവർധന പ്രഖ്യാപിച്ചു. 2026 ഒക്ടോബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പ്ലാനുകൾക്ക് പ്രതിമാസം 6 ഡോളർ വീതം വർധിക്കും. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ മൊബൈൽ ബില്ലും മാർച്ചിൽ ഇന്റർനെറ്റ് ബില്ലും കൂട്ടിയതിന് ശേഷമാണ്, ഒക്ടോബറിൽ കമ്പനി വീണ്ടും നിരക്ക് വർധിപ്പിക്കുന്നത്. ബാധിക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലുകളിലൂടെയും മൈബെൽ ആപ്പ് വഴിയും ഇതുസംബന്ധിച്ച മുൻകൂർ അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ നിരക്ക് വർധനവോടെ ഒന്നിലധികം ലൈനുകൾ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഗണ്യമായി ഉയരും. രണ്ട് ലൈനുകളുള്ള ഒരു കുടുംബത്തിന് വർഷത്തിൽ നികുതിക്ക് പുറമെ 144 ഡോളറും നാല് ലൈനുകളുള്ള കുടുംബങ്ങൾക്ക് 288 ഡോളറും അധികമായി ചെലവാകും. ഇതോടൊപ്പം മാനിറ്റോബയിലെ ബെൽ എം.ടി.എസ് സേവനങ്ങളായ ഫൈബർ ഇന്റർനെറ്റ്, ടിവി, ഫോൺ ലൈനുകൾ എന്നിവയ്ക്കും ഒക്ടോബർ ഒന്നുമുതൽ വിലകൂടും. ഒരേവർഷം തന്നെ തുടർച്ചയായി നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരെ ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Also Read: ട്രംപിന്റെ വ്യാപാര യുദ്ധത്തിന് തടയിടാൻ കാനഡ: ബാൻഫിൽ കാർണി നടത്തിയ രഹസ്യ മന്ത്രിസഭായോഗം പൂർത്തിയായി
കമ്പനികളുടെ തുടർച്ചയായ നിരക്ക് വർധനവിനെ തുടർന്ന് കനേഡിയൻ ടെലികോം റെഗുലേറ്ററായ സി.ആർ.ടി.സി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് ടെലികോം കമ്പനികളിൽ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കരാർ വ്യവസ്ഥകൾക്ക് വിധേയമായി ഉപഭോക്താക്കൾക്ക് പിഴയില്ലാതെ പ്ലാനുകൾ മാറ്റാനോ സേവനങ്ങൾ റദ്ദാക്കാനോ സൗകര്യമുണ്ടെന്ന് ബെൽ അധികൃതർ അറിയിച്ചു. ഉയർന്ന പ്രവർത്തന ചെലവും നെറ്റ്‌വർക്ക് വികസനവുമാണ് നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









