ഒന്റാറിയോ: അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിൽ സ്വന്തം രാജ്യത്തെ സാധനങ്ങൾ മാത്രം വാങ്ങാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സൂപ്പർമാർക്കറ്റ് ഭീമനായ വാൾമാർട്ട്. ഒന്റാറിയോയിലുള്ള മിൽട്ടൺ വാൾമാർട്ട് ശാഖയിലാണ് അമേരിക്കൻ നിർമ്മിത ഉൽപ്പന്നം കനേഡിയൻ നിർമ്മിതമാണെന്ന രീതിയിൽ വ്യാജ ലേബൽ ഒട്ടിച്ച് വിൽപന നടത്തിയത്. ഒന്റാറിയോ സ്വദേശിയായ ജോവാൻ ഇർവിൻ എന്ന ഉപഭോക്താവാണ് സൂപ്പർമാർക്കറ്റിന്റെ ഈ ബോധപൂർവ്വമായ വഞ്ചന കണ്ടെത്തുകയും സ്റ്റോർ മാനേജരെ കണ്ട് നേരിട്ട് പരാതിപ്പെടുകയും ചെയ്തത്.
കടയിലെ ഷെൽഫിൽ കാനഡയിൽ വിളവെടുത്ത പ്രാദേശിക ഉൽപ്പന്നം (Product of Canada) എന്ന് രേഖപ്പെടുത്തി 3.84 ഡോളറിന് പ്രദർശിപ്പിച്ചിരുന്ന മുള്ളൻപഴം (Blackberry) വാങ്ങാൻ എത്തിയതായിരുന്നു ജോവാൻ. എന്നാൽ സംശയം തോന്നി പഴങ്ങളുടെ പാക്കറ്റിലെ ലേബൽ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അത് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് (Product of USA) വ്യക്തമായത്. ഇതിനെതിരെ മാനേജരോട് ചോദ്യം ചെയ്തപ്പോൾ കേവലം ഒരു സാങ്കേതിക പിഴവ് മാത്രമാണിതെന്ന മറുപടിയാണ് സ്റ്റോർ അധികൃതരിൽ നിന്നും ലഭിച്ചത്.
വിദേശ ഉൽപ്പന്നങ്ങളെ സ്വന്തം നാട്ടിലെ സാധനങ്ങളായി തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്ന ‘മാപ്പിൾ വാഷിംഗ്’ (Maple Washing) എന്ന തട്ടിപ്പാണ് വാൾമാർട്ട് ഇവിടെ നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പ്രാദേശിക ഉൽപ്പന്നങ്ങളാണെന്ന വ്യാജേന വിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലവിൽ കാനഡയിലുടനീളം ഉയർന്നുവരുന്നത്.
വാൾമാർട്ടിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് കൺസ്യൂമേഴ്സ് കൗൺസിൽ ഓഫ് കാനഡ രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ കൃത്യമായി അറിയാനുള്ള അവകാശമുണ്ടെന്നും ഇത്തരം തെറ്റായ ലേബലുകൾക്കെതിരെ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിക്ക് (CFIA) പരാതി നൽകണമെന്നും കൗൺസിൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









