ഒന്റാരിയോ; കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും പുതിയ നികുതി നിയന്ത്രണങ്ങളും നിലനിൽക്കുമ്പോഴും, കാനഡയിൽ നിന്ന് യു.എസിലേക്കുള്ള ബിസിനസ്സ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്രമുഖ യാത്രാ ഏജൻസിയായ ‘കോർപ്പറേറ്റ് ട്രാവലർ കാനഡ’ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2026 ആഗസ്റ്റ് വരെയുള്ള എയർ ബുക്കിംഗുകളിൽ മുൻവർഷത്തെക്കാൾ 6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതിർത്തി കടന്നുള്ള കമ്പനി ആവശ്യങ്ങൾക്കും നേരിട്ടുള്ള ചർച്ചകൾക്കുമായി ആകെ 58,584 വിമാന ബുക്കിംഗുകളാണ് ഈ കാലയളവിൽ നടന്നത്.
തീരുവ തർക്കങ്ങൾ രൂക്ഷമായ 2025-ന്റെ തുടക്കത്തിൽ യാത്രകളിൽ ചെറിയ കുറവ് വന്നിരുന്നെങ്കിലും, വർഷാവസാനത്തോടെ സ്ഥിതി മെച്ചപ്പെടുകയായിരുന്നു. തുടർന്ന് 2026 ജനുവരിയിൽ 4.1 ശതമാനം ഉയർന്ന ബുക്കിംഗുകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അല്പം താഴ്ന്നെങ്കിലും, വേനൽക്കാലത്തോടെ ശക്തമായി തിരിച്ചെത്തി. പ്രത്യേകിച്ച് ആഗസ്റ്റ് മാസത്തിൽ 16.5 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. പുതിയ തീരുവകൾ വന്നതുകൊണ്ടു മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ പെട്ടെന്ന് നിർത്തിവെക്കാനാകില്ലെന്നും; നിർമ്മാണം, ഖനനം, ബാങ്കിംഗ്, ഐ.ടി എന്നീ മേഖലകളിലെ വിപണി ആവശ്യങ്ങൾക്കായി നേരിട്ടുള്ള യാത്രകൾ ഒഴിവാക്കാൻ കഴിയില്ലെന്നുമാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, ബിസിനസ്സ് യാത്രകൾ ഉയർന്നപ്പോഴും യു.എസിലേക്കുള്ള കാനഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. 2025-ൽ ടൂറിസം ബുക്കിംഗുകളിൽ 40 ശതമാനത്തോളം കുറവുണ്ടായിരുന്നു. 2026-ന്റെ തുടക്ക മാസങ്ങളിലും ഈ ഇടിവ് തുടർന്നുവെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നേരിയ തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കാനഡയിൽ നിന്നുള്ള ടൂറിസ്റ്റുകൾ യു.എസിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര മാറ്റുന്നതാണ് ഇതിന് പ്രധാന കാരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









