ബ്രിട്ടീഷ് കൊളംബിയ; സറെയിൽ വാഹനം ഇടിച്ചുതകർക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ആളുകളെ ഓടിക്കുകയും ചെയ്ത സംഭവത്തിൽ 37-കാരനായ പ്രതിക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എടുത്തു. ബുധനാഴ്ച വൈകുന്നേരം റെഡ്‌വുഡ് പാർക്കിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റിപ്പോർട്ടുകൾ പ്രകാരം, വൈകുന്നേരം 4:45-ഓടെയാണ് അക്രമം നടന്നതെന്ന വിവരമറിഞ്ഞ് സറെ പോലീസ് സർവീസ് (SPS) സംഭവസ്ഥലത്തെത്തുന്നത്.
അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇരയായ വ്യക്തി തന്റെ ഫോർഡ് പിക്ക് അപ് ട്രക്കിൽ കയറി ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും, പ്രതി തന്റെ ജീപ്പ് റാംഗ്ലർ വാഹനം ഉപയോഗിച്ച് ഇയാളുടെ ട്രക്കിലേക്ക് ബോധപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ട്രക്കിൽ നിന്ന് ഇറങ്ങിയോടിയ വ്യക്തിയെ പ്രതി കത്തിയുമായി പിന്തുടർന്നു. ഈ സമയം റോഡിലൂടെ കടന്നുപോയ ഒരു ടെസ്‌ല കാർ ഡ്രൈവർ ഇരയായ വ്യക്തിക്ക് തക്കസമയത്ത് അഭയം നൽകിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. പോലീസ് സ്ഥലത്തെത്തുന്നതുവരെ ഇയാൾ കാറിനുള്ളിൽ സുരക്ഷിതനായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
റോബിൻ നുബർ എന്ന ഫോട്ടോഗ്രാഫറാണ് സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. വെള്ള നിറത്തിലുള്ള പിക്ക് അപ് ട്രക്കിന് ചുറ്റും മൂന്ന് പേർ തമ്മിൽ തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പച്ച ഷർട്ട് ധരിച്ചയാൾ കത്തിയുമായി ട്രക്കിന് മുകളിൽ കയറുകയും, താഴേക്ക് ചാടി മറ്റൊരു വ്യക്തിയെ ഓടിക്കുകയും ചെയ്യുന്നുണ്ട്. ഭയന്നോടിയ ആളെ രക്ഷിക്കാൻ താൻ ടെസ്‌ല കാറിന്റെ ഡോർ തുറന്നുകൊടുക്കുകയായിരുന്നെന്ന് റോബിൻ നുബർ പറഞ്ഞു.
പ്രതി അക്രമം തുടരുന്നതിനിടയിൽ, ഓടിവന്നയാൾ കാറിന്റെ പുറത്തുതൂങ്ങിനിൽക്കുകയും, റോബിൻ വണ്ടി റിവേഴ്‌സ് എടുത്ത് സുരക്ഷിതമായ സ്ഥലത്തെത്തി ഇയാളെ അകത്ത് കയറ്റുകയുമായിരുന്നു. അക്രമത്തിന് ഇരയായ വ്യക്തിയുടെ കണ്ണിന് പരിക്കേൽക്കുകയും വായ മുറിഞ്ഞ് രക്തം വരികയും ചെയ്തിരുന്നതായി റോബിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒരുഘട്ടത്തിൽ പിന്തുടരുന്നത് നിർത്തിയ പ്രതി, കത്തി സമീപത്തെ കാട്ടിലേക്ക് വലിച്ചെറിയുകയും പോലീസ് എത്തുന്നത് വരെ റോഡിൽ കാത്തിരിക്കുകയും ചെയ്തു.
‘സിക്കാരിയോ’ എന്ന സിനിമയിലെ പശ്ചാത്തലസംഗീതത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വീഡിയോയ്ക്ക് ഇതിനോടകം 8,70,000-ത്തിലധികം ലൈക്കുകളാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 37-കാരനായ റിച്ചാർഡ് മാർക്ക് ജെയിംസ് ഇവോയ് (Richard Mark James Evoy) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കൽ, ക്രിമിനൽ ഉപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









