വാട്ടർലൂ: പുതിയ വീട്ടിലേക്ക് മാറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പെയ്ത കനത്ത മഴയിൽ വാട്ടർലൂവിലുള്ള വീട് വെള്ളത്തിലായതോടെ ദാൻ ലോസണും ഭാര്യയും കടുത്ത സാമ്പത്തിക, മാനസിക സമ്മർദ്ദത്തിൽ. സെപ്റ്റംബർ 2-ന് പെയ്ത ശക്തമായ മഴയിൽ റോഡിലെ വെള്ളം ഡ്രൈവ്വേ കവിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ചടിയോളം വെള്ളമുയർന്ന സംഭവത്തിൽ വീടിനും ഉള്ളിലുണ്ടായിരുന്ന കാറിനും വലിയ നാശനഷ്ടമാണുണ്ടായത്. ഇതിന് മുൻപ് 2008-ലും ഈ വർഷം മാർച്ചിലും ഇവിടെ പ്രളയമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘാതം വളരെ വലുതാണ്.
വെള്ളപ്പൊക്കത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചതോടെ ഉറപ്പിച്ച വീടുവിൽപ്പന അവസാന നിമിഷം മുടങ്ങി. വാങ്ങാൻ കരാറുണ്ടാക്കിയ ആൾ പിന്മാറിയതോടെ, മാസം തോറുമുള്ള വീട്ടുചെലവുകൾക്ക് പുറമെ അറ്റകുറ്റപ്പണികൾക്കായി 8 ലക്ഷം ഡോളറിന്റെ വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കുടുംബം. ഇത് വഴി പ്രതിമാസം 5,000 ഡോളറിന്റെ അധിക സാമ്പത്തിക ബാധ്യതയാണ് ഇവർക്കുണ്ടാകുന്നത്. കൂടാതെ, ആവർത്തിച്ച് വെള്ളപ്പൊക്കമുണ്ടാകുന്നതും വീട് വിജനമായി കിടക്കുന്നതും കാരണം ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും വലിയ തുക പ്രീമിയം നൽകേണ്ടി വരും.
ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി
റോഡിലെ ഡ്രെയിനേജുകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കാണിച്ച് നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു. എന്നാൽ ഇത് നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന കനത്ത മഴയാണെന്നും ഡ്രെയിനേജുകൾ വൃത്തിയായിരുന്നുവെന്നുമാണ് അധികൃതരുടെ വാദം. സെപ്റ്റംബർ 21-ന് പുതിയ വീട്ടിലേക്ക് മാറുമെങ്കിലും, പഴയ വീടിന്റെ അറ്റകുറ്റപ്പണികളും ഭാവിയിലെ പ്രളയഭീതിയും കാരണം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









