കാൽഗറി: അമേരിക്കൻ താരിഫുകളും കാനഡയുടെ തിരിച്ചടിത്തീരുവകളും മൂലം കാൽഗറി നഗരത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായി റിപ്പോർട്ട്. വൻകിട വികസന പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിനും നഗരസേവനങ്ങൾക്കുമുള്ള ചെലവിൽ ഏകദേശം 500 മില്യൺ ഡോളർ വരെ അധിക വർധനയുണ്ടാകുമെന്ന് കാൽഗറി നഗര അധികൃതർ വ്യക്തമാക്കി. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിലാണ് വികസന പദ്ധതികളുടെ ചെലവ് കുത്തനെ ഉയരുന്നത്. 315 മില്യൺ മുതൽ 466 മില്യൺ ഡോളർ വരെയാണ് നിലവിലുള്ള കരാറുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സാമ്പത്തിക നഷ്ടം.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ തിരിച്ചടിത്തീരുവ ഏർപ്പെടുത്തിയതാണ് നഗരഭരണകൂടത്തിന് കൂടുതൽ തിരിച്ചടിയായത്. നഗരത്തിലെ പ്രധാന ഗതാഗത പദ്ധതിയായ ഗ്രീൻ ലൈൻ എൽ.ആർ.ടി, സ്കോട്ടിയ പ്ലേസ് ഇലക്ട്രോണിക് ഉപകരണങ്ങൾ, കുടിവെള്ള വിതരണ പൈപ്പുകൾ, ഫയർ ഡിപ്പാർട്ട്മെന്റിനായുള്ള പുതിയ ഫയർ ട്രക്കുകൾ എന്നിവയുടെ നിർമ്മാണത്തെയും വാങ്ങലിനെയും ഇത് നേരിട്ട് ബാധിക്കും. ഗതാഗത പദ്ധതികൾക്കും പൊതുവാഹനങ്ങൾക്കുമായി മാത്രം 84 മില്യൺ ഡോളറിന്റെ അധിക ചെലവാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ പ്രധാന സാധനങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാനഡയുടെ തന്നെ തിരിച്ചടിത്തീരുവ കാൽഗറിക്ക് വലിയ ബാധ്യതയാകുന്നത്.
Also Read : സ്കൂളുകളിൽ ഇനി ഇ-സ്കൂട്ടറുകൾ വേണ്ട: കടുത്ത നിയന്ത്രണങ്ങളുമായി ബി സി-യിലെ ലാംഗ്ലി സ്കൂൾ ഡിസ്ട്രിക്ട്
നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ ബദൽ വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ. സാധനങ്ങൾക്കായി അമേരിക്കയ്ക്ക് പകരം മെക്സിക്കോ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ ആശ്രയിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സപ്ലൈ മാനേജ്മെന്റ് ഡയറക്ടർ അമിത് പാട്ടീൽ അറിയിച്ചു. താരിഫ് മൂലം ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ഫെഡറൽ സർക്കാരിൽ നിന്ന് പ്രത്യേക സാമ്പത്തിക ഇളവുകളും സഹായവും ആവശ്യപ്പെടുമെന്ന് കാൽഗറി മേയർ ജെറമി ഫാർകസ് പറഞ്ഞു. അടുത്ത നഗര ബജറ്റിലും ഈ അധിക ചെലവുകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Calgary reeling from trade war: Additional $500 million burden for development projects.









