മോങ്ക്ടൺ : ന്യൂബ്രൺസ്വിക്കിൽ പുതിയ അക്കാദമിക് വർഷത്തിന് തുടക്കമായി. പുതിയ അധ്യയന വർഷം മുതൽ കൺസ്യൂമർ ഫോൺ നിരോധനവും പുതിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയും നടപ്പിലാക്കുന്നതായി ന്യൂബ്രൺസ്വിക്ക് (എൻ.ബി.) പ്രവിശ്യ അറിയിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ക്ലാസ് മുറികളിൽ വ്യക്തിഗത മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കിന്റർഗേർട്ട് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ സമയത്ത് ഫോൺ ഉപയോഗിക്കാൻ പാടില്ലാത്ത കർശന നിയമമാണ് നിലവിൽ വന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്റർ മുതൽ ഈ നിയമം ഘട്ടം ഘട്ടമായി ബാധകമാക്കും. അധ്യാപകരുടെ അനുമതിയോടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രം ഹൈസ്കൂളുകളിൽ തൽക്കാലം ഫോൺ ഉപയോഗിക്കാം. എങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും കുറിച്ച് ചില സ്കൂൾ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഫോൺ മാത്രമാണ് സാങ്കേതികവിദ്യയ്ക്കുള്ള ഏക ആശ്രയമെന്ന് ആംഗ്ലോഫോൺ ഈസ്റ്റ് സ്കൂൾ ഡിസ്ട്രിക്ട് സൂപ്രണ്ട് റാൻഡി മാക്ലീൻ ചൂണ്ടിക്കാണിച്ചു. എങ്കിലും വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും അദ്ധ്യാപന അന്തരീക്ഷം മെച്ചപ്പെടുത്താനും ഈ തീരുമാനം സഹായിക്കുമെന്ന് ആംഗ്ലോഫോൺ വെസ്റ്റ് സൂപ്രണ്ട് ഡേവിഡ് മാക്ടിമോണി വ്യക്തമാക്കി. സ്കൂളുകൾക്ക് സ്വന്തമായി നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ പ്രവിശ്യയിൽ പുതിയ ‘പേ-വട്ട്-യു-കാൻ’ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പ്രവിശ്യാ സർക്കാരിന്റെ വലിയൊരു നിക്ഷേപമായാണ് ഈ പദ്ധതിയെ അധികൃതർ കാണുന്നത്. വിദ്യാർത്ഥികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും വിശപ്പ് കാരണം പഠനം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും അടുക്കളകളുടെ നവീകരണ ജോലികൾ പൂർത്തിയാകാത്തത് കാരണം ചില സ്കൂളുകളിൽ പദ്ധതിക്ക് തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്.
ആകെ 241 സ്കൂളുകളിൽ ചൊവ്വാഴ്ച ഉച്ചഭക്ഷണ വിതരണം ആരംഭിച്ചെങ്കിലും 56 സ്കൂളുകളിൽ പദ്ധതി വൈകുമെന്ന് പ്രവിശ്യ വക്താവ് ബ്രൂസ് മാക്ഫാർലെയ്ൻ അറിയിച്ചു. ഈ സ്കൂളുകളിലെ കുടുംബങ്ങളെ വിവരം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ പകരം ലഘുഭക്ഷണം നൽകാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ബാക്കി സ്കൂളുകളിൽ അടുത്ത ആഴ്ചയോടെ ഉച്ചഭക്ഷണം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








