വിക്ടോറിയ: രാത്രിയുടെ മറവിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ കവർന്ന രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. വിക്ടോറിയക്ക് സമീപമുള്ള വ്യൂ റോയൽ മേഖലയിൽ സെപ്റ്റംബർ 5 രാത്രി മുതൽ സെപ്റ്റംബർ 6 പുലർച്ചെ വരെയുള്ള സമയത്താണ് മോഷണം നടന്നത്. ഡി ഗൗട്ടിയർ പ്ലേസ്, ചിൽകോ റോഡ്, കേലി ലെയ്ൻ എന്നിവിടങ്ങളിലെ റസിഡൻഷ്യൽ മേഖലയിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലാണ് കവർച്ച നടന്നത്. സംഭവത്തിൽ വെസ്റ്റ് ഷോർ ആർ.സി.എം.പി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രാഥമിക തെളിവുകളും പരിശോധിച്ച് രണ്ട് പുരുഷന്മാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒന്നാമത്തെയാൾ കറുത്ത മീശയോ താടിയോ ഉള്ള വ്യക്തിയാണ്. കറുത്ത പാന്റ്സ്, ലൈറ്റ് കളർ ലേസുകളുള്ള കറുത്ത ഷൂസ്, നെഞ്ചിന്റെ ഇടതുവശത്ത് ചെറിയ വെള്ള ലോഗോയുള്ള കറുത്ത ഹൂഡി എന്നിവയായിരുന്നു ഇയാളുടെ വേഷം.
5 അടി 8 ഇഞ്ച് മുതൽ 5 അടി 10 ഇഞ്ച് വരെ ഉയരമുള്ള രണ്ടാമത്തെയാൾ വെളുത്ത നിറവും ചെറിയ താടിയുമുള്ള ആളാണ്. ബേസ്‌ബോൾ തൊപ്പിയും, മുൻവശത്ത് ത്രികോണ ലോഗോയ്ക്ക് താഴെ ‘Reebok’ എന്ന് എഴുതിയ ലൈറ്റ് കളർ സ്വെറ്ററും, സിപ്പറിന് ചുറ്റും വെള്ള വരകളുള്ള കറുത്ത ബാഗുമാണ് ഇയാൾ ധരിച്ചിരുന്നത്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
മോഷണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വെസ്റ്റ് ഷോർ ആർ.സി.എം.പിയെ 250-474-2264 എന്ന നമ്പറിലോ, ‘ഗ്രേറ്റർ വിക്ടോറിയ ക്രൈം സ്റ്റോപ്പേഴ്‌സിനെ’ 1-800-222-8477 എന്ന നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. രാത്രികാലങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി പൂട്ടിയിടാനും, വിലപിടിപ്പുള്ള വസ്തുക്കൾ കാറിനുള്ളിൽ വെക്കാതിരിക്കാനും, വെളിച്ചമുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും പോലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









