ഓട്ടവ: ദക്ഷിണേഷ്യൻ കുടിയേറ്റക്കാരെയും അന്താരാഷ്ട്ര പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ട് പ്രമുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ തങ്ങളുടെ ആദ്യഘട്ട ആഗോള വിപുലീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുകെ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ സേവനം ഔദ്യോഗികമായി ലഭ്യമാക്കിത്തുടങ്ങി. തങ്ങളുടെ സ്ട്രീമിംഗ് ശൃംഖല അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്നി പിന്തുണയോടെയുള്ള ഈ വൻ കുതിച്ചുചാട്ടം. ഏഷ്യാനെറ്റ്, സ്റ്റാർ പ്ലസ്, കളേഴ്സ്, സ്റ്റാർ വിജയ്, സ്റ്റാർ ജൽഷ, സ്റ്റാർ പ്രവാഹ് തുടങ്ങിയ പ്രമുഖ ചാനലുകളിലെ പരിപാടികൾ ഉൾപ്പെടെ 12-ലധികം ഏഷ്യൻ ഭാഷകളിലായി 1,60,000-ത്തിലധികം മണിക്കൂർ സ്ട്രീമിംഗ് ഉള്ളടക്കമാണ് ജിയോ ഹോട്ട്സ്റ്റാർ ലഭ്യമാക്കുന്നത്.
സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഒറിജിനലുകൾ, കുട്ടികളുടെ പ്രോഗ്രാമുകൾ, ആനിമേഷൻ എന്നിവ ഉൾപ്പെടുന്ന ഈ ലൈബ്രറിയിലേക്ക് പ്രതിവർഷം 30,000 മണിക്കൂർ പുതിയ ഉള്ളടക്കം കൂടി കൂട്ടിച്ചേർക്കും. ‘കേരള ക്രൈം ഫയൽസ്’, ‘പ്രിൻസ് ഓഫ് മോളിവുഡ്’, ‘ഹാർട്ട്ബീറ്റ്’, ‘ക്രിമിനൽ ജസ്റ്റിസ്’, ‘സ്പെഷ്യൽ ഓപ്സ്’ തുടങ്ങിയ ജനപ്രിയ സീരീസുകളും ’12ത് ഫെയിൽ’, ‘ധുരന്ധർ’, ‘കേസരി ചാപ്റ്റർ 2’, ‘കിൽ’ തുടങ്ങിയ ഹിറ്റ് സിനിമകളും പ്ലാറ്റ്‌ഫോമിലുണ്ട്.
പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി ആറ് ഭാഷകളിലെ ബിഗ് ബോസ് ഷോകൾക്ക് ലൈവ് വോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യുകെ, കാനഡ എന്നിവിടങ്ങളിലെ വരിക്കാർക്ക് 24 മണിക്കൂറും ബിഗ് ബോസ് ലൈവ് ഫീഡുകൾ ലഭ്യമാകും. കൂടാതെ കാനഡയിലെ പ്രേക്ഷകർക്ക് ബിഗ് ബോസ് ഹിന്ദി ടിവി സംപ്രേഷണത്തിന് ഏഴ് ദിവസം മുമ്പേ കാണാനുള്ള അവസരമുണ്ട്. യുകെയിൽ ടിവി സംപ്രേഷണത്തിനൊപ്പവും സിംഗപ്പൂരിലും കാനഡയിലും ടിവിക്ക് മുമ്പേയും പരിപാടികൾ സ്ട്രീം ചെയ്യാം.ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴി മൊബൈലുകളിലും സ്മാർട്ട് ടിവികളിലും ആപ്പ് ലഭ്യമാണ്. യുകെയിൽ സ്‌കൈ ഗ്ലാസ്, സ്‌കൈ സ്ട്രീം എന്നിവ വഴിയും സേവനം ഉപയോഗിക്കാം.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
നിലവിലുള്ള ഹോട്ട്‍സ്റ്റാർ വരിക്കാരെ പുതിയ പ്ലാനുകളിലേക്ക് സ്വയം മാറ്റുന്നതായിരിക്കും. നിരക്കുകൾ പരിശോധിച്ചാൽ യുകെയിൽ പാദവാർഷികത്തിന് £19.99-ഉം വാർഷികത്തിന് £69.99-ഉം ആണ് നൽകേണ്ടത്. കാനഡയിൽ ഇത് യഥാക്രമം C$19.99, C$49.99 എന്നിങ്ങനെയും സിംഗപ്പൂരിൽ S$29.98, S$69.98 എന്നിങ്ങനെയുമാണ്. വെറുമൊരു സ്ട്രീമിംഗ് സേവനം വിദേശത്തേക്ക് വിപുലീകരിക്കുകയല്ല, മറിച്ച് ആഗോള പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ വിനോദാനുഭവം പുനർനിർവചിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിഓസ്റ്റാർ ഇന്റർനാഷണൽ ബിസിനസ് മേധാവി അമിത് മൽഹോത്ര പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









