വിസ്ലർ: ബ്രിട്ടീഷ് കൊളംബിയയിലെ വിസ്ലറിന് സമീപം ട്രെക്കിങ്ങിനിടെ സ്ത്രീക്ക് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ഭീഷണിയുയർത്തിയകരടിയെ ബി.സി. കൺസർവേഷൻ ഓഫീസർ സർവീസ് വെടിവെച്ചുകൊന്നു.
വെള്ളിയാഴ്ച കാലാഹൻ വാലിയിലെ കോൺഫ്ലിക്റ്റ് തടാകത്തിന് സമീപം ഒരു സംഘത്തോടൊപ്പം ഹൈക്കിങ് നടത്തുകയായിരുന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. യാത്രാമധ്യേ സംഘം രണ്ട് കരടികളുടെ മുന്നിൽപ്പെടുകയും, ഇതിലൊന്ന് സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കരടി സ്വയം ആക്രമണത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും സ്ക്വാമിഷ് സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കൺസർവേഷൻ ഓഫീസർമാരും ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ജീവന് ഭീഷണി ഉയർത്തുന്നതല്ലെന്നാണ് വിവരം.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുണ്ടായിരുന്ന കരടിയെ അധികൃതർ വെടിവെച്ചുകൊന്നെങ്കിലും, സ്ത്രീയെ ആക്രമിച്ചത് ഇതേ കരടിയാണോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണെന്ന് ബി.സി.സി.ഒ.എസ് അറിയിച്ചു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
അപകടത്തെ തുടർന്ന് കോൺഫ്ലിക്റ്റ് തടാക മേഖലയിലേക്കുള്ള ട്രെക്കിങ് പാതകൾ ബി.സി. പാർക്ക്സും കൺസർവേഷൻ അധികൃതരും ചേർന്ന് താൽക്കാലികമായി അടച്ചു. പ്രദേശത്തുള്ളവരോട് സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









