മയാമി: ഫ്ലോറിഡയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേ തെറ്റി അപകടത്തിൽപ്പെട്ടു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. പോർട്ടോ റിക്കോയിൽ നിന്ന് പറന്നുയർന്ന ബോയിങ് 767-300 വിമാനം ലാൻഡിംഗിനിടെ റൺവേ മറിടന്ന് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടപ്പെടുകയും ചെയ്തു.
യുഎസിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മയാമിയിൽ അപകടത്തെ തുടർന്ന് വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. 21 എയർ ഫ്ലൈറ്റ് 7598 എന്ന ആമസോൺ പ്രൈം എയറിനായി സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി (FAA) സ്ഥിരീകരിച്ചു.
അപകടത്തെ തുടർന്ന് മയാമി-ഡേഡ് ഫയർ റെസ്ക്യൂ ടീമിന്റെ 60-ലധികം യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിവരികയാണ്. ആളപായത്തെക്കുറിച്ചോ പരിക്കേറ്റവരുടെ വിവരങ്ങളെക്കുറിച്ചോ നിലവിൽ വ്യക്തത വന്നിട്ടില്ല.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
വിമാനത്താവളത്തിലെ എല്ലാ റൺവേകളും ടാക്സിവേകളും അടച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. വിമാനത്താവളത്തിന് സമീപമുള്ള റോഡുകളിൽ പ്രാദേശിക ഭരണകൂടം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം പ്രഖ്യാപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









