ഓട്ടവ : ന്യായാധിപന്മാരുടെ ജോലിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി ക്യുബെക്ക് കോടതികൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറപ്പിച്ചു. വിധി നിർണ്ണയം എന്നത് തികച്ചും മാനുഷികമായി ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും ജനറേറ്റീവ് എഐക്ക് ഒരിക്കലും ഇതിന് പകരമാകാൻ കഴിയില്ലെന്നും കോടതികൾ വ്യക്തമാക്കുന്നു. ക്യുബെക്ക് കോർട്ട് ഓഫ് അപ്പീൽ, സുപ്പീരിയർ കോർട്ട്, കോർട്ട് ഓഫ് ക്യുബെക്ക്, പ്രവിശ്യയിലെ മുൻസിപ്പൽ കോടതികൾ എന്നിവ സംയുക്തമായാണ് ഈ പുതിയ ചട്ടങ്ങൾ അംഗീകരിച്ചിരിക്കുന്നത്.
ചില സഹായകരമായ കാര്യങ്ങൾക്ക് ജനറേറ്റീവ് എഐ ഉപയോഗിക്കാമെങ്കിലും നിയമപരമായ കാര്യങ്ങളിലെ തീരുമാനങ്ങൾ, തെളിവുകളുടെ പരിശോധന, ആഴത്തിലുള്ള വിശകലനങ്ങൾ എന്നിവയ്ക്ക് ഒരിക്കലും എഐയെ ആശ്രയിക്കാനാകില്ലെന്ന് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. എത്രയൊക്കെ അത്യാധുനിക സാങ്കേതികവിദ്യയാണെങ്കിലും എഐക്ക് വിചാരശക്തിയോ മനഃസാക്ഷിയോ ഇല്ല. ഓരോ കേസിലെയും പ്രത്യേകമായ മാനുഷികവും സാമൂഹികവും നിയമപരവുമായ പശ്ചാത്തലം മനസ്സിലാക്കാൻ എഐക്ക് കഴിയില്ലെന്ന് പത്ത് പേജുള്ള ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ചിൽ ക്യുബെക്കിലെ ഒരു വിധിയിൽ നിലവിലില്ലാത്ത മുൻകാല കോടതി ഉത്തരവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിധി തയ്യാറാക്കാൻ ജഡ്ജി എഐ ഉപയോഗിച്ചിരിക്കാം എന്ന സംശയത്തെ തുടർന്നാണ് ഈ സംഭവം പുറത്തുവന്നത്. ഇത് കോടതികൾക്കുള്ളിൽ തന്നെ വലിയ ചർച്ചയാകുകയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് കൃത്യമായ നിയമങ്ങൾ കൊണ്ടുവരാൻ പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു. നിലവിൽ ജഡ്ജിമാർക്കായി അംഗീകൃതവും സുരക്ഷിതവുമായ ഔദ്യോഗിക എഐ സംവിധാനങ്ങൾ ഒന്നും തന്നെ ലഭ്യമല്ലെന്നും കോടതികൾ മുന്നറിയിപ്പ് നൽകുന്നു.
എഴുതിയ വരികൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും പുനരാഖ്യാനം ചെയ്യുന്നതിനും വിവരങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനുമുള്ള പരിമിതമായ കാര്യങ്ങൾക്ക് മാത്രമായി ജഡ്ജിമാർക്ക് എഐ ഉപയോഗിക്കാം. എന്നാൽ ഇത് പൂർണ്ണമായും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. കോടതി വിധികളിലെ വസ്തുതാപരവും നിയമപരവുമായ കൃത്യതയ്ക്ക് ജഡ്ജിമാർ തന്നെയാണ് ഉത്തരവാദികളെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നു. സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ ഉത്തരവാദിത്തത്തിൽ നിന്ന് ജഡ്ജിമാരെ ഒഴിവാക്കില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ, തീർപ്പുകൽപ്പിക്കാത്ത കേസുകളിലെ കരട് രേഖകൾ, കോടതി ഉത്തരവുകളാൽ സംരക്ഷിക്കപ്പെട്ട വിവരങ്ങൾ എന്നിവ എഐ ടൂളുകളിൽ നൽകരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകൃത സംവിധാനങ്ങൾ വരുന്നത് വരെ ജഡ്ജിമാർ എഐ ഉപയോഗിക്കുമ്പോൾ തങ്ങൾ നൽകുന്ന വിവരങ്ങൾ സിസ്റ്റത്തിന്റെ പരിശീലനത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും സംശയങ്ങളുള്ള സാഹചര്യങ്ങളിൽ ജനറേറ്റീവ് എഐയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നും കോടതികളുടെ സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കാനാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങളെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









