യുക്രെയ്ൻ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തിയ അമേരിക്കൻ പ്രതിനിധികൾ ഉക്രെയ്നിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത നയതന്ത്ര പ്രതിനിധികളായ ജാരദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫുമാണ് മോസ്കോയിലെ ചർച്ചകൾക്ക് ശേഷം ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടത്. ഉക്രെയ്നിലും സമാനമായ ഫലപ്രദമായ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മോസ്കോയിൽ വെച്ച് ശനിയാഴ്ച നടന്ന ചർച്ചകൾ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. റഷ്യൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള പുടിന്റെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതെയായിരുന്നു ചർച്ച നടന്നതെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അടുത്ത ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ പദ്ധതികൾ പുടിനുമായി ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും വരുന്ന ആഴ്ചകളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ചർച്ചകൾ വളരെ നിർമാണാത്മകവും തുറന്നതുമാണെന്നായിരുന്നു പുടിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവിന്റെ പ്രതികരണം. ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന വലിയ പദ്ധതികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് ദൂതന്മാർ എങ്ങനെ യാത്ര ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 2022 ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ ഉക്രെയ്ന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നീതിപൂർവ്വമായ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ അടുത്തിടെ ശക്തമായിട്ടുണ്ട്. ഉക്രെയ്നിലെ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുമ്പോഴും, റഷ്യൻ കരസേനയുടെ മുന്നേറ്റം വളരെ മന്ദഗതിയിലാണ്. നിലവിൽ ഉക്രെയ്ൻ ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്ന് ഭാഗവും 2022 മുതൽ റഷ്യയുടെ നിയന്ത്രണത്തിലാണ് ഉള്ളത്.
മോസ്കോയിലെ ചർച്ചകൾക്ക് മുന്നോടിയായി, റഷ്യയും ഉക്രെയ്നും തങ്ങളുടെ തലസ്ഥാനങ്ങൾക്ക് നേരെ മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ധാരണയിലെത്തിയിരുന്നു. ചർച്ചകൾക്ക് തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകളുടെ കുറവ് കാരണം ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ഉക്രെയ്ൻ പറയുമ്പോൾ, റഷ്യൻ സാമ്പത്തിക കേന്ദ്രങ്ങളെയും എണ്ണ സ്ഥാപനങ്ങളെയുമാണ് കീവ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








