ഓട്ടവ: കനേഡിയൻ പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവർക്കുള്ള കാത്തിരിപ്പ് സമയം വീണ്ടും കുത്തനെ ഉയർന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രോസസിങ് സമയം 33 മാസമായി വർധിച്ചു. ഓഗസ്റ്റ് മാസത്തിൽ 25 മാസമായിരുന്ന കാത്തിരിപ്പ് സമയമാണ് സെപ്റ്റംബറോടെ ഒറ്റയടിക്ക് എട്ട് മാസം കൂടി ഉയർന്നത്. ഇതോടെ ഇപ്പോൾ അപേക്ഷ സമർപ്പിക്കുന്ന ഒരാൾക്ക് അന്തിമ തീരുമാനം അറിയാൻ 2029 പകുതി വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ മേയ് മാസത്തിൽ 12 മാസവും ജനുവരിയിൽ 10 മാസവും 2025 ഡിസംബറിൽ 9 മാസവുമായിരുന്ന പ്രോസസിങ് സമയമാണ് കേവലം നാല് മാസത്തിനുള്ളിൽ മൂന്നിരട്ടിയോളം വർധിച്ചത്.
നിലവിൽ കനേഡിയൻ പൗരത്വ സർട്ടിഫിക്കറ്റിനായി 1,36,000 അപേക്ഷകളാണ് തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 14,200 പുതിയ അപേക്ഷകൾ ലഭിച്ചു. 2025 ഡിസംബറിൽ 40,400 അപേക്ഷകളുമായിരുന്ന സ്ഥിതിയാണ് തുടർന്നുള്ള മാസങ്ങളിൽ ക്രമാതീതമായി ഉയർന്നത്. ജനുവരിയിൽ 42,400, ഫെബ്രുവരിയിൽ 47,900, മാർച്ച് മാസത്തിൽ 50,900, ഏപ്രിലിൽ 56,300 എന്നിങ്ങനെ ഉയർന്ന അപേക്ഷകളുടെ എണ്ണം മേയ് മാസത്തിൽ 70,400 ആയി മാറി. തുടർന്ന് ജൂണിൽ 15 മാസ പ്രോസസിങ് സമയവും 82,000 അപേക്ഷകളും, ജൂലൈയിൽ 19 മാസവും 99,500 അപേക്ഷകളും, ഓഗസ്റ്റിൽ 25 മാസവും 1,21,800 അപേക്ഷകളുമായി കുതിച്ചുയർന്ന ശേഷമാണ് സെപ്റ്റംബറിൽ 33 മാസത്തിലും 1,36,000 അപേക്ഷകളിലും എത്തിനിൽക്കുന്നത്.
ഈ വൻ വർധനവിന് പ്രധാന കാരണം 2025 ഡിസംബർ 15-ന് കാനഡ നടപ്പിലാക്കിയ ബിൽ C-3 (Bill C-3) നിയമമാറ്റമാണ്. വിദേശത്ത് ജനിച്ചവരുടെ പാരമ്പര്യ പൗരത്വത്തിനുള്ള ‘ഫസ്റ്റ് ജനറേഷൻ’ പരിധി ഒഴിവാക്കിയതോടെ കനേഡിയൻ വംശപരമ്പരയിലുള്ള എത്ര തലമുറ മുൻപുള്ളവർക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്ന സ്ഥിതിയായി. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് യു.എസ് പൗരന്മാർക്ക് വഴിതുറന്നു. കൂടാതെ, മുൻപ് അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ രേഖകൾ പരിശോധിക്കുന്നതിനായി IRCC ഒരു മാസത്തോളം പ്രോസസിങ് നിർത്തിവെച്ചിരുന്നു. ജൂൺ 30-ന് ഈ പുനഃപരിശോധന പൂർത്തിയാക്കിയെങ്കിലും നഷ്ടപ്പെട്ട പ്രോസസിങ് സമയം വീണ്ടെടുക്കാൻ ഏജൻസിക്ക് സാധിച്ചിട്ടില്ല.
അതേസമയം, ചില പ്രത്യേക അടിയന്തര സാഹചര്യങ്ങളുള്ള അപേക്ഷകർക്ക് വേഗത്തിലുള്ള അടിയന്തര പ്രോസസിങ്ങിനായി അപേക്ഷിക്കാൻ അവസരമുണ്ട്. തൊഴിൽ ആവശ്യങ്ങൾ, സ്കൂൾ അല്ലെങ്കിൽ കോളേജ് പ്രവേശനം പൗരത്വത്തെ ആശ്രയിച്ചിരിക്കുന്ന സാഹചര്യങ്ങൾ, കുടുംബാംഗങ്ങളുടെ മരണം അല്ലെങ്കിൽ ഗുരുതര രോഗം മൂലമുള്ള അടിയന്തര യാത്രകൾ, വിദേശത്ത് ജനിച്ച കുട്ടികളെ കാനഡയിലേക്ക് മാറ്റൽ, മറ്റ് രാജ്യത്തെ പൗരത്വം ഉപേക്ഷിക്കാൻ സമയപരിധിയുള്ള സന്ദർഭങ്ങൾ, വംശീയമോ മതപരമോ ആയ സുരക്ഷാ ഭീഷണികൾ, പെൻഷൻ, ഹെൽത്ത് കെയർ, സോഷ്യൽ ഇൻഷുറൻസ് നമ്പർ തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് അടിയന്തര പ്രോസസിങ് അനുവദിക്കുന്നത്. എന്നാൽ ഇത് അപേക്ഷയുടെ അന്തിമ അംഗീകാരം ഉറപ്പുനൽകുന്നില്ല.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
അപേക്ഷകർ കാത്തിരിക്കുന്നത് വൈകിപ്പിക്കുന്നത് കൂടുതൽ നഷ്ടമുണ്ടാക്കുമെന്നും അപേക്ഷ സമർപ്പിക്കുന്ന ദിവസത്തിലെ ക്യൂ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. രേഖകളിലെ പിശകുകളും തലമുറകൾ തമ്മിലുള്ള പേരുകളിലെ വൈരുദ്ധ്യങ്ങളും ഒഴിവാക്കി കൃത്യമായ തെളിവുകളോടെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 2025 ഡിസംബർ 15-ന് മുൻപ് ജനിച്ചതും കനേഡിയൻ പൂർവ്വിക പരമ്പര തെളിയിക്കാൻ സാധിക്കുന്നതുമായ ഏത് രാജ്യക്കാർക്കും നിലവിൽ കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









