ഓട്ടവ: ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച അന്യായമായ വ്യാപാര കരാർ നിരസിച്ച് ചർച്ചകളിൽ നിന്ന് പിന്മാറിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തിന് രാജ്യത്ത് വൻ ജനപിന്തുണ. സാമ്പത്തിക പ്രത്യാഘാതങ്ങളും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും നേരിടേണ്ടി വന്നാലും അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം കനേഡിയൻ ജനതയെന്ന് സി.ടി.വി ന്യൂസിന് വേണ്ടി നാനോസ് റിസർച്ച് നടത്തിയ പുതിയ സർവേ വ്യക്തമാക്കുന്നു. സെപ്റ്റംബർ എട്ട് മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡ ചുമത്താനൊരുങ്ങുന്ന പ്രതികാര താരിഫുകൾക്ക് സർവേ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനസമ്മതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കാനഡയും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകരുകയും, രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാർ നിരസിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകളിൽ നിന്ന് പിന്മാറുകയും ചെയ്തത്. ഇതിന് പ്രതികാരമായി ഓഗസ്റ്റ് 22-ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ യു.എസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തി. ഇതിന് തക്കതായ മറുപടിയെന്നോണം ഏകദേശം 28 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ‘ഡോളറിന് ഡോളർ’ നിരക്കിൽ പ്രതികാര താരിഫ് ചുമത്താൻ കാനഡ തീരുമാനിക്കുകയായിരുന്നു. ലോക രാജ്യങ്ങൾ യു.എസ് ഭരണകൂടത്തിനെതിരെ ശക്തമായി നിലയുറപ്പിക്കുകയാണെന്നും അമേരിക്കയ്ക്ക് ഒറ്റയ്ക്ക് നിലനിൽക്കാൻ സാധിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷക ഷെറാൻ കൗർ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള ചർച്ച ഉപേക്ഷിച്ച് കരാർ തള്ളിക്കളഞ്ഞ കാർണി സർക്കാരിന്റെ നടപടിയെ സർവേയിൽ പങ്കെടുത്ത 85 ശതമാനം കനേഡിയൻമാരും പിന്തുണയ്ക്കുന്നു. ഇതിൽ 75 ശതമാനം ആളുകൾ പൂർണ്ണ പിന്തുണ നൽകുമ്പോൾ 10 ശതമാനം പേർ ഭാഗിക പിന്തുണ അറിയിക്കുന്നു. കേവലം 7.8 ശതമാനം ആളുകൾ തീരുമാനത്തെ ശക്തമായി എതിർക്കുകയും 4.4 ശതമാനം പേർ ഭാഗികമായി എതിർക്കുകയും ചെയ്തു. കാനഡയിലെ പ്രെയറി മേഖലയിൽ തീരുമാനത്തോടുള്ള പിന്തുണ താരതമ്യേന കുറവാണെങ്കിലും 55 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കിടയിൽ ഈ നടപടിക്ക് കടുത്ത ജനസമ്മതിയാണുള്ളത്.
അമേരിക്കയ്ക്ക് തിരിച്ചടി നൽകുന്നതിനായി കാനഡ ഏർപ്പെടുത്തുന്ന കൗണ്ടർ താരിഫുകളെ 80 ശതമാനം ആളുകൾ അനുകൂലിക്കുന്നു. ഇതിൽ 59 ശതമാനം പേർ പൂർണ്ണ പിന്തുണയും 21 ശതമാനം പേർ ഭാഗിക പിന്തുണയും രേഖപ്പെടുത്തി. 2025 ജനുവരി മുതൽ നാനോസ് ഈ വിഷയം നിരീക്ഷിക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പിന്തുണയാണിത്. കേവലം 10 ശതമാനം പേർ കൗണ്ടർ താരിഫുകളെ പൂർണ്ണമായും 6 ശതമാനം പേർ ഭാഗികമായും എതിർത്തു. താരിഫ് യുദ്ധം കാരണം ദൈനംദിന ജീവിതച്ചെലവ് വർദ്ധിക്കുമെന്ന് 68 ശതമാനം പേർ ആശങ്കപ്പെടുന്നുണ്ടെങ്കിലും, പ്രതികാര നടപടികളുടെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ തുക നൽകാൻ 69 ശതമാനം ആളുകളും സന്നദ്ധരാണ്. 27 ശതമാനം പേർ മാത്രമാണ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
ട്രംപിന്റെ കാനഡ വിരുദ്ധ പ്രസ്താവനകൾക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിലൂടെയാണ് കനേഡിയൻമാർ പ്രതിഷേധിക്കുന്നത്. 78 ശതമാനം ആളുകൾ സ്വന്തം രാജ്യത്തിന്റെ ഉൽപ്പന്നങ്ങൾ തിരഞ്ഞുപിടിച്ച് വാങ്ങുമ്പോൾ 77 ശതമാനം പേർ അമേരിക്കൻ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് പൂർണ്ണമായി ഒഴിവാക്കി. 47 ശതമാനം ആളുകൾ അമേരിക്കയിലേക്കുള്ള യാത്രാ പദ്ധതികൾ റദ്ദാക്കുകയും, 35 ശതമാനം പേർ തങ്ങളുടെ അമേരിക്കൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ട്രംപിനോടുള്ള അമർഷം വ്യക്തമാക്കുകയും ചെയ്തു. ദേശീയ ഗാനം ആലപിക്കുമ്പോൾ കൂടുതൽ ദേശസ്നേഹം പ്രകടിപ്പിക്കുന്നതായി 31 ശതമാനം പേർ വ്യക്തമാക്കി.
അമേരിക്ക കാനഡയുടെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സഖ്യകക്ഷിയാണോ എന്ന ചോദ്യത്തിന് 74 ശതമാനം ആളുകളും എതിർപ്പാണ് രേഖപ്പെടുത്തിയത് . എങ്കിലും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് 61 ശതമാനം പേർ പ്രതീക്ഷിക്കുന്നു. ഭാവിയിൽ പുതിയൊരു വ്യാപാര കരാർ ഉണ്ടാക്കുകയാണെങ്കിൽ കാനഡയ്ക്ക് സ്വന്തം സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്ന് 61 ശതമാനം ആളുകൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ റാൻഡമായി തെരഞ്ഞെടുത്ത 1,037 കനേഡിയൻ പൗരന്മാർക്കിടയിലാണ് നാനോസ് റിസർച്ച് ഈ സർവേ നടത്തിയത്.








