ഓട്ടവ: പഠനം കഴിഞ്ഞുള്ള വർക്ക് പെർമിറ്റ് നിഷേധിച്ചതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 10 വിദേശ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാടുകടത്താൻ കടുത്ത നീക്കം. ഓഗസ്റ്റ് 12-ന് കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും അതിർത്തി രക്ഷാസേനയും ചേർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ‘എക്സ്ക്ലൂഷൻ ഓർഡർ’ കൈമാറിയത്. സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച 300-ഓളം തൊഴിലാളി-മനുഷ്യാവകാശ സംഘടനകൾ, നാടുകടത്തൽ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ-ആൽബർട്ട സർക്കാരുകൾക്ക് സംയുക്ത കത്തയച്ചു.
ആൽബർട്ടയിലെ പോർട്ടേജ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 1,500-ഓളം വിദ്യാർത്ഥികളാണ് വർക്ക് പെർമിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. കോഴ്സ് പൂർത്തിയാക്കിയാൽ ജോലി ചെയ്യാനുള്ള വിസ ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, ഈയിടെ വെബ്സൈറ്റിലെ വ്യവസ്ഥകൾ മാറ്റി അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിസ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പഴയ മാനദണ്ഡങ്ങൾ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാർ വാദം.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ഈ നടപടി കാനഡ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മൈഗ്രന്റ് റൈറ്റ്സ് നെറ്റ്വർക്ക് ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിക്കുന്നു. വിസ കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ നൽകുന്ന 90 ദിവസത്തെ സമയപരിധി ബാക്കിനിൽക്കെയാണ് വിദ്യാർത്ഥികൾക്ക് നാടുകടത്തൽ നോട്ടീസ് നൽകിയത്.
നീതി നിഷേധിക്കപ്പെട്ടതോടെ, ഇന്ത്യക്കാരനായ ഗുർപ്രീത് സിംഗ് ഉൾപ്പെടെയുള്ള പല വിദ്യാർത്ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിനെതിരെ സെപ്റ്റംബർ 20-ന് ടൊറന്റോ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









