ഒന്റാരിയോ: പ്രണയവും വിവാഹവും വാഗ്ദാനം ചെയ്ത് അഞ്ച് സ്ത്രീകളിൽ നിന്നായി 10 ലക്ഷത്തിലധികം ഡോളർ (ഏകദേശം 8 കോടിയോളം ഇന്ത്യൻ രൂപ) തട്ടിയെടുത്ത കേസിൽ 41-കാരൻ കാനഡയിൽ പിടിയിലായി. ഒന്റാറിയോയിലെ മാർമോറ സ്വദേശിയായ സാൽവറ്റോർ മലാൻഡ്രിനോ (Salvatore Malandrino) എന്നയാളെയാണ് ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. ‘പ്രൊജക്റ്റ് മറൂൺ’ എന്ന പേരിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ വഴി നടക്കുന്ന സാധാരണ പ്രണയ തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇരകളെ നേരിട്ട് കണ്ട് പരിചയപ്പെട്ടാണ് ഇയാൾ ചതിക്കുഴിയിലാക്കിയത്. താൻ നടത്തിയിരുന്ന ‘ഫ്രണ്ട്‌ലി K9’ എന്ന നായ പരിശീലന കേന്ദ്രം വഴിയും പ്രദേശത്തെ ജിമ്മിൽ വെച്ചുമാണ് ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. വലിയൊരു വ്യവസായിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാൾ, ബിസിനസ്സ് വളർത്താനെന്നും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാനെന്നും പറഞ്ഞ് സ്ത്രീകളിൽ നിന്ന് വൻ തുകകൾ കൈക്കലാക്കുകയായിരുന്നു.
ഭാവിയിൽ ഒന്നിച്ച് ജീവിക്കാമെന്നും വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. 2020 മുതൽ ആരംഭിച്ച ഈ ആസൂത്രിത തട്ടിപ്പിനെക്കുറിച്ച് 2025 നവംബറിലാണ് ഒരു ഇര പോലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പോലീസ്, ഒരു സ്ത്രീയിൽ നിന്ന് വാങ്ങുന്ന പണം ഉപയോഗിച്ച് മറ്റൊരു സ്ത്രീക്ക് തിരികെ നൽകി വിശ്വാസം നിലനിർത്തുന്ന തന്ത്രമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി.
Also Read: വടക്കേ അമേരിക്കയിൽ നികുതി ഏറ്റവും കൂടുതൽ ക്യുബെക്കിലോ? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ
കൂടുതൽ സ്ത്രീകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്നും, പരാതിക്കാരുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് വരണമെന്നും പോലീസ് ഡെപ്യൂട്ടി സർജന്റ് ബ്രാഡ് ചാപ്മാൻ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









