ഓട്ടവ: കുടുംബ പാരമ്പര്യം ചൂണ്ടിക്കാട്ടി കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ മുൻ തലമുറക്കാരുടെ കനേഡിയൻ രേഖകൾ തന്നെ സമർപ്പിക്കണമെന്ന് കാനഡ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) വിഭാഗം വ്യക്തമാക്കി. അമേരിക്കൻ രേഖകൾ മാത്രം അടിസ്ഥാനമാക്കി നൽകുന്ന അപേക്ഷകൾ തള്ളാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മുൻ തലമുറയിലുള്ളവർ കാനഡയിൽ ജനിച്ചവരോ ജീവിച്ചവരോ ആണെന്ന് തെളിയിക്കാൻ അയൽരാജ്യമായ അമേരിക്കയിൽ നിന്നുള്ള ജനന-മരണ സർട്ടിഫിക്കറ്റുകൾ മാത്രം പോരാ എന്ന നിലപാടിലാണ് കനേഡിയൻ ഭരണകൂടം.
അടുത്തിടെ നടന്ന പരിശോധനകളിലാണ് പല അപേക്ഷകളിലെയും ക്രമക്കേടുകൾ പുറത്തുവന്നത്. 2026 ജൂണിൽ കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം നടത്തിയ അവലോകനത്തിൽ, മതിയായ കനേഡിയൻ രേഖകളില്ലാതെ അമേരിക്കൻ പേപ്പറുകൾ മാത്രം ആധാരമാക്കി നൽകിയ നിരവധി പൗരത്വ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരോട് അവ തിരികെ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. കനേഡിയൻ പൗരത്വം പുതുതായി നേടുന്നതിന് പകരം, പാരമ്പര്യമായി തങ്ങൾക്ക് അവകാശപ്പെട്ട പൗരത്വം തെളിയിക്കാൻ ശ്രമിക്കുന്ന പ്രവാസികളായ അപേക്ഷകരെയാണ് ഈ നടപടി കാര്യമായി ബാധിച്ചത്.
Also Read: വടക്കേ അമേരിക്കയിൽ നികുതി ഏറ്റവും കൂടുതൽ ക്യുബെക്കിലോ? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ
അപേക്ഷകനും മാതാപിതാക്കളും തമ്മിലുള്ള ബന്ധവും അവരുടെ വ്യക്തിത്വവും തെളിയിക്കാൻ അമേരിക്കൻ രേഖകൾ ഉപയോഗിക്കാമെങ്കിലും, പൂർവ്വികർ കനേഡിയൻ പൗരന്മാരായിരുന്നു എന്ന് ഉറപ്പിക്കാൻ കാനഡ സർക്കാരിന്റെയോ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയോ ഔദ്യോഗിക രേഖകൾ തന്നെ വേണം. അമേരിക്കൻ സെൻസസ് വിവരങ്ങളോ മരണ സർട്ടിഫിക്കറ്റുകളോ സഹായ തെളിവുകളായി മാത്രമേ സ്വീകരിക്കൂ.
കൂടാതെ, സ്വകാര്യ വെബ്സൈറ്റുകളിൽ നിന്ന് പ്രിന്റ് എടുത്ത പകർപ്പുകൾക്ക് പകരം അതത് സർക്കാർ ഓഫീസുകളിൽ നിന്നെടുത്ത യഥാർത്ഥ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. പഴയകാല രേഖകൾ കിട്ടാനില്ലാത്തവർക്ക് പ്രാദേശിക ആർക്കൈവുകളിൽ നിന്നുള്ള കത്തുകളോ ബന്ധുക്കളുടെ മറ്റ് രേഖകളോ ഉപയോഗിച്ച് കാര്യം വ്യക്തമാക്കാൻ അവസരമുണ്ട്. കൃത്യമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷ നൽകാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









