ഓട്ടവ : കാനഡയിൽ സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളിൽ പടരാവുന്ന മീസിൽസ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും ശീതകാലവും അടുക്കുന്നതോടെ ഇൻഫ്ലുവൻസ, കോവിഡ്-19, റെസ്പിറേറ്ററി സിൻക്സൈറ്റൽ വൈറസ് (ആർ.എസ്.വി) തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വേനലവധിക്ക് ശേഷം വിവിധയിടങ്ങളിൽ സഞ്ചരിച്ചെത്തുന്ന കുട്ടികൾ ക്ലാസ് മുറികളിൽ വീണ്ടും അടുത്തടുത്തായി ഇരിക്കാൻ തുടങ്ങുന്നത് രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് മക്മാസ്റ്റർ സർവകലാശാലയിലെ ഇമ്മ്യൂണോളജിസ്റ്റ് മാത്യു മില്ലർ പറഞ്ഞു.
പകർച്ചവ്യാധികൾ തടയാൻ ഫ്ലൂ വാക്സിന് പുറമേ മറ്റ് പ്രതിരോധ വാക്സിനുകളും കുടുംബങ്ങൾ മുൻകൂട്ടി പരിഗണിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യം തന്നെ ഫ്ലൂ വ്യാപനത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തിയത്. സാധാരണ ഫ്ലൂ സീസൺ എത്തുന്നതിന് ഏകദേശം ഒരു മാസം മുമ്പാണിത്. അതിനാൽ ശരീരത്തിന് പ്രതിരോധശേഷി കൈവരിക്കാൻ തക്കവണ്ണം കൃത്യസമയത്ത് തന്നെ വാക്സിനേഷൻ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിച്ചു.
ആറുമാസത്തിനു മുകളിലുള്ള എല്ലാവർക്കും ഫ്ലൂ വാക്സിൻ ശുപാർശ ചെയ്യുന്നുണ്ട്. ഇതിനുപുറമേ കോവിഡ്, ആർ.എസ്.വി തുടങ്ങിയവയ്ക്കുള്ള വാക്സിനുകളും ലഭ്യമാണ്. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കോവിഡ് വാക്സിൻ എടുക്കണമെന്ന് കാനഡയിലെ ദേശീയ വാക്സിൻ ഉപദേശക സമിതി നിർദ്ദേശിച്ചു. നവജാത ശിശുക്കൾക്ക് അതിമാരകമായേക്കാവുന്ന ആർ.എസ്.വി വൈറസിനെ പ്രതിരോധിക്കാൻ ഗർഭകാലത്ത് നൽകുന്ന വാക്സിനുകൾ 80 ശതമാനത്തിലധികം കുട്ടികളിലും രോഗബാധ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പകർച്ചവ്യാധികൾക്ക് പുറമേ, അഞ്ചാംപനി പോലുള്ള പതിവ് വാക്സിനുകളും കൃത്യസമയത്ത് എടുക്കേണ്ടതുണ്ട്. പാൻഡെമിക്കിന് ശേഷം അടിസ്ഥാന ബാല്യകാല വാക്സിനുകൾ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റീമർ പറഞ്ഞു. വാക്സിനേഷൻ നിരക്ക് ഒരു നിശ്ചിത പരിധിയിൽ താഴെയാകുമ്പോൾ വൈറസുകൾ തിരിച്ചെത്തുകയും കുട്ടികളെ അപകടത്തിലാക്കുകയും ചെയ്യും. ജനസംഖ്യാപരമായി മീസിൽസിനെ പ്രതിരോധിക്കാൻ 95 ശതമാനം പേരെങ്കിലും വാക്സിൻ എടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ 2025 അവസാനത്തോടെ കാനഡയിലെ രണ്ട് വയസ്സ് പ്രായമുള്ള കുട്ടികളിൽ 85 ശതമാനം പേർ മാത്രമാണ് മീസിൽസ്, റുബെല്ല വാക്സിനുകൾ പൂർണ്ണമായി എടുത്തത്. ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ വാക്സിനുകൾ എടുത്ത കുട്ടികളുടെ നിരക്കാകട്ടെ 80 ശതമാനത്തിൽ താഴെയാണ്. വാക്സിനേഷൻ നിരക്ക് കുറഞ്ഞത് കാരണം വടക്കേ അമേരിക്കയിലുടനീളം മീസിൽസ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2026-ൽ മാത്രം അമേരിക്കയിൽ 37 പുതിയ വ്യാപനങ്ങളിലായി ആയിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാനഡയിലാകട്ടെ 2024 അവസാനം മുതൽ അയ്യായിരത്തിലധികം മീസിൽസ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









