ന്യൂയോർക്ക്: ന്യൂയോർക്കിലെ വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയിലെ വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. ന്യൂജേഴ്സിയിലെ ചെസ്റ്റർ സ്വദേശിയായ എറിൻ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ക്വീൻസ് സ്വദേശിയായ പമേല സിസ്നെറോസ് (49) പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 68 വയസ്സുള്ള മറ്റൊരു വ്യക്തിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടൈംസ് സ്ക്വയറിലെ പൊതുജനങ്ങൾക്ക് നേരെ പെട്ടെന്നുണ്ടായ അക്രമവും തുടർന്നുണ്ടായ പൊലീസ് നടപടിയുമാണ് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചത്.
സംഭവം നടന്ന രീതി
ഒരു ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് വലിയ കത്തികൾ പുറത്തെടുത്താണ് പമേല സിസ്നെറോസ് ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇവർ വഴിപോക്കനായ 68കാരന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഇതിനുപിന്നാലെ 20 സെക്കൻഡുകൾക്കുള്ളിൽ എറിൻ പിയാസെന്റിക്ക് നേരെ തിരിയുകയും അവരുടെ വയറ്റിലും കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് പൊലീസ് ഗൺ ഉപയോഗിച്ച് കീഴ്പെടുത്താൻ ശ്രമിച്ചെങ്കിലും പമേല ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തതിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറിൻ പിയാസെന്റിയുടെയും പമേല സിസ്നെറോസിന്റെയും ജീവൻ രക്ഷിക്കാനായില്ല.
Also Read: അമേരിക്കയെ പൂട്ടി കാനഡ! സെപ്റ്റംബർ 8 മുതൽ വില കൂടുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക പുറത്ത്
നിലവിലെ സ്ഥിതി
കൊല്ലപ്പെട്ട എറിൻ പിയാസെന്റി ബാങ്ക് ഓഫ് അമേരിക്കയുടെ ന്യൂയോർക്ക് ഓഫീസിൽ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് വിഭാഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആക്രമണം നടത്തിയ പമേല സിസ്നെറോസിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഈ ആക്രമണത്തിന് ഭീകരവാദ ബന്ധങ്ങളൊന്നും ഇല്ലെന്ന് ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസിക്ക ടിഷ് അറിയിച്ചു. പരിക്കേറ്റ 68കാരൻ നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
A Bank of America Vice President was killed in New York's Times Square.





