കെലോന: കൗമാരപ്രായത്തിൽ ചെയ്ത ചെറിയൊരു തെറ്റിന്റെ പേരിൽ, അമേരിക്കയിലുള്ള സ്വന്തം മക്കളെ പിരിഞ്ഞ് ജന്മനാടായ കാനഡയിലേക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ് 40-കാരനായ കർത്തീസ് റൈറ്റിന്. 10 മാസത്തോളം നീണ്ട തടവറ വാസത്തിനും നിയമപോരാട്ടത്തിനും ശേഷമാണ് കർത്തീസ് കാനഡയിൽ തിരിച്ചെത്തിയത്.
കാനഡയിൽ ജനിച്ച കർത്തീസ് റൈറ്റ് ചെറുപ്പത്തിലേ അമേരിക്കയിലെ ടെക്സസിലേക്ക് കുടിയേറിയതാണ്. വർഷങ്ങളായി ഹൂസ്റ്റണിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ 10 മാസം മുൻപ് മെക്സിക്കോയിൽ ഒരു ബിസിനസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് റൈറ്റിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 22 വർഷം മുൻപത്തെ ഒരു പഴയ കേസിന്റെ വിവരങ്ങൾ പൊന്തിവന്നു.
17-ാം വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾ റൈറ്റിന്റെ വണ്ടിയിൽ നിന്ന് ‘സനാക്സ്’ (Xanax) എന്ന ആകുലത കുറയ്ക്കാനുള്ള ഗുളികകൾ കണ്ടെത്തിയതായിരുന്നു ആ കേസ്. അന്ന് കമ്മ്യൂണിറ്റി സർവീസും ശിക്ഷയും പൂർത്തിയാക്കി അവസാനിപ്പിച്ച ആ പഴയ കേസ് ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥർ റൈറ്റിനെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ ; കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്
ടെക്സസിലെ അമേരിക്കൻ ഇമിഗ്രേഷൻ (ICE) കേന്ദ്രങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങളാണെന്ന് കർത്തീസ് വെളിപ്പെടുത്തുന്നു. കഠിനമായ ചൂടുള്ള ടെക്സസിൽ, ഉറയുന്ന തണുപ്പുള്ള മുറികളിലാണ് ഞങ്ങളെ അടച്ചിട്ടത്. തറയിലെ കോൺക്രീറ്റിന് കാറ്റിനേക്കാൾ തണുപ്പായിരുന്നു. മനുഷ്യരായിട്ടല്ല, അവിടെ ഞങ്ങളെ മുറിയുടെയും കട്ടിലിന്റെയും നമ്പറുകൾ വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. മോശം ഭക്ഷണവും വൃത്തികെട്ട ടോയ്ലറ്റുകളുമായിരുന്നു അവിടെ.- റൈറ്റ് പറഞ്ഞു. എന്നാൽ ഇവിടുത്തെ സൗകര്യങ്ങൾ മോശമാണെന്ന വാദം അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ നിഷേധിച്ചു. തടവിലുള്ളവർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ശുചിത്വവും നൽകുന്നുണ്ടെന്നാണ് അവരുടെ വാദം.
തന്റെ 8-ഉം 11-ഉം വയസ്സുള്ള രണ്ട് ആൺമക്കൾ ഇപ്പോഴും ടെക്സസിലാണ് കഴിയുന്നത്. മക്കളുടെ കൂടെ നിൽക്കാൻ വേണ്ടി മാത്രമാണ് മാസങ്ങളോളം തടവറയിൽ കിടന്ന് നിയമപോരാട്ടം നടത്തിയത്. എന്നാൽ കേസ് ഇനിയും മാസങ്ങൾ നീളുമെന്ന് കണ്ടതോടെയാണ് കഴിഞ്ഞ ജൂലൈയിൽ പോരാട്ടം അവസാനിപ്പിച്ച് കാനഡയിലേക്ക് വരാൻ റൈറ്റ് തീരുമാനിച്ചത്.
“22 കൊല്ലം മുൻപ് 17 വയസ്സുള്ളപ്പോൾ ചെയ്ത ഒരു തെറ്റിന്റെ പേരിൽ രണ്ട് അമേരിക്കൻ കുട്ടികൾക്കാണ് അവരുടെ അച്ഛനെ നഷ്ടപ്പെടുന്നത്. ഇത് കുടിയേറ്റക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഒരുപാട് അമേരിക്കൻ കുടുംബങ്ങളുടെ സമാധാനം തകർക്കുന്ന ഒന്നാണ്,” റൈറ്റ് സങ്കടത്തോടെ പറയുന്നു.
നിലവിൽ കാനഡയിലെ കെലോനയിൽ മാതാപിതാക്കളുടെ വീട്ടിലാണ് റൈറ്റ് ഉള്ളത്. പ്രതിശ്രുത വധു കൈല തോംസണും രണ്ടു വയസ്സുള്ള മകളും ഒപ്പമുണ്ട്. ഉടൻ തന്നെ കാനഡയിലെ എഡ്മണ്ടനിലേക്ക് മാറി പഴയ കമ്പനിയിൽ തന്നെ ജോലി നേടാനുള്ള ശ്രമത്തിലാണ് റൈറ്റ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





