കിയവ്: ഉക്രെയ്നിലെ കീവ് മേഖലയിലുള്ള ഒരു സംഭരണശാലയ്ക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. രാത്രിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 37 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് ഉണ്ടായ വൻ തീപിടിത്തം സമീപത്തെ വീടുകളിലേക്കും റസ്റ്റോറന്റിലേക്കും പടർന്നുപിടിക്കുകയായിരുന്നുവെന്ന് ഗവർണർ തിമൂർ ത്കാചെങ്കോ അറിയിച്ചു. ബുച്ച ജില്ലയിൽ നടന്ന ഈ ആക്രമണത്തിൽ 50-ലധികം പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് 380-ലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഗവർണർ വ്യക്തമാക്കി.
മൈല (Myla) ഗ്രാമത്തിലെ സംഭരണശാലയിലാണ് വെള്ളിയാഴ്ച രാത്രി റഷ്യൻ ഡ്രോണുകൾ പതിച്ചതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഡ്രോൺ ആക്രമണത്തിന് പിന്നാലെ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും വലിയ തീപിടിത്തം ഉണ്ടാവുകയുമായിരുന്നുവെന്ന് പ്രൊസിക്യൂട്ടർ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. വെയർഹൗസിൽ നിന്ന് തീ ആളിക്കത്തിയതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലധികം പേരെ ഉടനടി ഒഴിപ്പിച്ചു.
സമീപ മാസങ്ങളിലായി റഷ്യയും ഉക്രെയ്നും തമ്മിലുള്ള ദീർഘദൂര ആക്രമണങ്ങൾ ശക്തമായിട്ടുണ്ട്. ഇരുവിഭാഗവും വ്യാവസായിക-സിവിൽ അടിസ്ഥാനസൗകര്യങ്ങൾ, എണ്ണ സംഭരണശാലകൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വ്യോമാക്രമണം ശക്തമാക്കുന്നതിനിടെയാണ് ഈ ദുരന്തം.
പാർപ്പിട മേഖലയ്ക്ക് സമീപം ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനെതിരെ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
“ജനവാസ മേഖലകൾക്ക് സമീപം ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ സൂക്ഷിക്കാൻ പാടില്ലെന്ന വ്യക്തമായ നിയമങ്ങളുണ്ട്,” സെലെൻസ്കി ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ വയോധികരുടെയും ഭിന്നശേഷിക്കാരുടെയും പരിചരണ കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശത്ത് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിടപ്പുരോഗികളും സാധാരണക്കാരും കഴിയുന്നിടത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ നിയമപരമായ അനുമതി ഉണ്ടായിരുന്നോ എന്നും സ്വകാര്യ കമ്പനി ആവശ്യമായ പെർമിറ്റുകൾ നേടിയിരുന്നോ എന്നും ഉക്രെയ്ൻ പ്രൊസിക്യൂട്ടർ ഓഫീസ് പരിശോധിച്ച് വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





