ഓട്ടവ: രാജ്യത്തെ ഭിന്നശേഷിക്കാർക്ക് ആശ്വാസമേകുന്ന പുതിയൊരു സാമ്പത്തിക സഹായ പ്രഖ്യാപനവുമായി ഫെഡറൽ സർക്കാർ. കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് (CDB) ലഭിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു തവണയായി ലഭിക്കുന്ന 150 കനേഡിയൻ ഡോളറിന്റെ സപ്ലിമെന്ററി ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി അർഹരായവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. 2026 സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണ് ഈ തുക സ്വയമേവ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നത്. ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (DTC) സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും പുതുക്കുന്നതിനും മെഡിക്കൽ പ്രാക്ടീഷണർമാർ ഈടാക്കുന്ന ഫീസ് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഫെഡറൽ സർക്കാർ ഈ സഹായം നൽകുന്നത്.
ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതിന് ഡോക്ടർമാർ സാധാരണയായി 125 മുതൽ 150 ഡോളർ വരെ ഈടാക്കാറുണ്ട്. ഈ പുതിയ സപ്ലിമെന്ററി തുക പൂർണ്ണമായും നികുതിരഹിതമാണ്. കൂടാതെ, വ്യക്തിഗത വരുമാനമോ മറ്റ് സാമ്പത്തിക മാനദണ്ഡങ്ങളോ അടിസ്ഥാനമാക്കാതെ അർഹരായ എല്ലാവർക്കും കൃത്യമായി 150 ഡോളർ തന്നെ ലഭിക്കുന്നതായിരിക്കും. നിലവിൽ പ്രതിമാസം പരമാവധി 204.20 ഡോളർ വരെ ഡിസെബിലിറ്റി ബെനഫിറ്റ് ലഭിക്കുന്നവർക്ക് പുറമെ, മുൻപ് എപ്പോഴെങ്കിലും ഈ ആനുകൂല്യം ലഭിച്ചിട്ടുള്ളവർക്കും ഈ തുകയ്ക്ക് അർഹതയുണ്ടായിരിക്കും. അതായത്, 2026 സെപ്റ്റംബറിന് മുൻപ് (2025 ജൂലൈയിലെ ആദ്യ വിതരണം ഉൾപ്പെടെ) ഒരു തവണയെങ്കിലും സിഡിബി തുക ലഭിച്ചിട്ടുള്ളവർക്ക്, നിലവിൽ ഉയർന്ന വരുമാനം മൂലമോ മറ്റ് കാരണങ്ങളാലോ അലവൻസ് ലഭിക്കുന്നില്ലെങ്കിൽ പോലും ഈ 150 ഡോളർ സപ്ലിമെന്റ് ലഭ്യമാകും.
സർവീസ് കാനഡ തങ്ങളുടെ പക്കലുള്ള ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി തുക വിതരണം ചെയ്യുന്നതിനാൽ അപേക്ഷകർ യാതൊരുവിധ അപേക്ഷ ഫോമുകളും സമർപ്പിക്കേണ്ടതില്ല. സെപ്റ്റംബർ മാസം മുതൽ ഘട്ടം ഘട്ടമായാണ് ഈ തുക ഗുണഭോക്താക്കളിലേക്ക് എത്തുക്കുന്നത്. സാധാരണ പ്രതിമാസ ബെനഫിറ്റ് തുക സെപ്റ്റംബർ 17-നാണ് അക്കൗണ്ടുകളിൽ എത്തുന്നത്. ഇതിനോടൊപ്പമാണോ അതോ പ്രത്യേക തീയതിയിലാണോ സപ്ലിമെന്ററി തുക ക്രഡിറ്റ് ചെയ്യുക എന്ന കാര്യം സർവീസ് കാനഡ വരും ദിവസങ്ങളിൽ വ്യക്തമാക്കും. നിലവിൽ ആനുകൂല്യം വാങ്ങുന്നവരും മുൻപ് വാങ്ങിയവരും സെപ്റ്റംബറിലെ ആദ്യ ഘട്ടത്തിൽ തന്നെ ഉൾപ്പെടും. തടസ്സങ്ങളില്ലാതെ തുക ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ‘മൈ സർവീസ് കാനഡ അക്കൗണ്ട്’ വഴി കൃത്യമാണെന്ന് ഉറപ്പുവരുത്താൻ അധികൃതർ നിർദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





