ഒന്റാരിയോ; രാജ്യത്ത് കാനഡ ദിനത്തോടനുബന്ധിച്ചുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും ജനജീവിതം സ്തംഭിച്ചു. വൻ പ്രളയത്തിലും കാറ്റിലും ഒന്റാറിയോ, ക്യുബെക് പ്രവിശ്യകളിൽ മാത്രം 43.9 കോടി ഡോളറിന്റെ (ഏകദേശം 3,600 കോടി ഇന്ത്യൻ രൂപ) ഇൻഷുറൻസ് നഷ്ടമുണ്ടായെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ദുരന്ത വിവരങ്ങൾ ശേഖരിക്കുന്ന ‘കറ്റാസ്ട്രഫി ഇൻഡീസസ് ആൻഡ് ക്വാണ്ടിഫിക്കേഷൻ’ എന്ന ഏജൻസിയാണ് കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളും വാഹനങ്ങളും കണക്കിലെടുത്തുള്ള ഈ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടത്.
ജൂൺ 30 മുതൽ ജൂലൈ 3 വരെയുള്ള ദിവസങ്ങളിലാണ് കാനഡയെ നടുക്കിയ കൊടുങ്കാറ്റും പേമാരിയും ആലിപ്പഴ വീഴ്ചയുമുണ്ടായത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഓട്ടവ നഗരമാണ്. ജൂലൈ 1-ന് മാത്രം ഓട്ടവയിൽ 118 മില്ലിമീറ്റർ മഴ പെയ്തു. ഓട്ടവയുടെ ചരിത്രത്തിൽ ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണിത്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായിരുന്നു. നാലായിരത്തി അഞ്ഞൂറിലധികം വീടുകളുടെ ബേസ്മെന്റിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി.
ഇൻഷുറൻസ് എടുക്കാത്ത സ്വത്തുക്കളുടെ നഷ്ടം കൂടി കണക്കാക്കിയാൽ മൊത്തം സാമ്പത്തിക ആഘാതം ഇതിലും എത്രയോ ഇരട്ടിയാകും. പ്രളയസാധ്യത കുറയ്ക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും സർക്കാർ കൂടുതൽ തുക നീക്കിവെക്കണമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ വൈസ് പ്രസിഡന്റ് മാക്സിമിലിയൻ റോയ് ആവശ്യപ്പെട്ടു.
കാനഡയിൽ കാട്ടുതീയും കടുത്ത കാലാവസ്ഥയും കാരണം വർഷത്തിൽ ശരാശരി 920 കോടി ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. 1980-കൾക്ക് ശേഷം ഓരോ വർഷവും ഈ നഷ്ടം 9.4 ശതമാനം വീതം കൂടുകയാണ്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് അടിക്കടിയുണ്ടാകുന്ന ഈ പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണം. ഒപ്പം അപകടസാധ്യതയുള്ള മേഖലകളിലെ ജനവാസവും കാലപ്പഴക്കം ചെന്ന ഓവുചാലുകളും നാശനഷ്ടത്തിന്റെ ആഘാതം കൂട്ടുന്നു.
പ്രകൃതിദുരന്തങ്ങൾ പതിവായതോടെ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക കുത്തനെ കൂട്ടി. സമീപകാല കണക്കുകൾ പ്രകാരം വീടുകളുടെ ഇൻഷുറൻസ് തുകയിൽ 45 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഇത് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





