ഒഷാവ: ബാധ ഒഴിപ്പിക്കലിന്റെയും പൂജകളുടെയും മറവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു പൂജാരി കാനഡയിൽ അറസ്റ്റിലായി. ന്യൂയോർക്കിലെ റിച്ച്മണ്ട് ഹില്ലിൽ താമസിക്കുന്ന രാജേന്ദ്രനാഥ് ദൂദ്നാഥ് മരാജ് (50) എന്നയാളെയാണ് ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെ പൂജാകർമ്മങ്ങൾക്കായി യുവതിയുടെ കുടുംബമാണ് ഇയാളെ അമേരിക്കയിൽ നിന്ന് കാനഡയിലെ ഒഷാവയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ചടങ്ങിനിടെ, യുവതിയെ ദുരാത്മാക്കൾ ബാധിച്ചിട്ടുണ്ടെന്നും ഇത് ഒഴിപ്പിച്ചു മാറ്റാൻ പ്രത്യേക പൂജ അത്യാവശ്യമാണെന്നും ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന്, പൂജ നടത്തുന്നതിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഒരു സ്വകാര്യ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ALSO READ: ഒന്റാരിയോയിൽ മലയാളി യുവതി കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം; പ്രതി ഇന്ത്യയിലേക്ക് കടന്നു? ഇരുട്ടിൽതപ്പി പൊലീസ്
ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഒഷാവയിലെ ഹാർമണി റോഡ് നോർത്ത്, കോൺലിൻ റോഡ് ഈസ്റ്റ് മേഖലയിൽ നിന്നാണ് പോലീസിന് പരാതി ലഭിക്കുന്നത്. പരാതി ഉയർന്നതിന് തൊട്ടുപിന്നാലെ ഈസ്റ്റ് ഡിവിഷൻ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ഇയാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





