ഓട്ടവ: 2026-ന്റെ ആദ്യ പകുതിയിലും കാനഡയിലെ സ്ഥിരതാമസ അനുമതി (പിആർ) സ്വന്തമാക്കുന്നതിൽ ഇന്ത്യക്കാർ തങ്ങളുടെ മുന്നേറ്റം തുടരുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷത്തിന്റെ ആദ്യ ആറു മാസത്തിനിടെ കാനഡ അനുവദിച്ച 1.8 ലക്ഷം പിആറുകളിൽ 44,335 എണ്ണവും സ്വന്തമാക്കിയത് ഇന്ത്യൻ പൗരന്മാരാണ്. അതായത്, രാജ്യത്ത് നൽകിയ ആകെ പിആറുകളിൽ നാലിലൊന്നും ഇന്ത്യക്കാർക്കാണ് ലഭിച്ചത്.
13,475 പിആറുകളുമായി ഫിലിപ്പീൻസ് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ, 9,630 പിആറുകളോടെ ചൈന മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷങ്ങളിൽ മുന്നിലുണ്ടായിരുന്ന കാമറൂൺ 8,810 പിആറുകളോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2026-28 കാലയളവിലേക്ക് പ്രതിവർഷം 3.80 ലക്ഷം പേർക്ക് വീതം പിആർ നൽകാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിൽ 2.40 ലക്ഷം സീറ്റുകൾ സാമ്പത്തിക കുടിയേറ്റക്കാർക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
ALSO READ: കാനഡ വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ നിയമങ്ങളിൽ മാറ്റം: ഗ്രേസ് പീരിയഡ് 90 ദിവസമായി ഉയർത്തി
2023-ൽ കാനഡയിൽ പിആർ നേടിയവരുടെ 30 ശതമാനവും (1.40 ലക്ഷം) ഇന്ത്യക്കാരായിരുന്നുവെങ്കിലും പിന്നീട് ഇതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2025-ൽ ഇത് 98,830 ആയി കുറഞ്ഞെങ്കിലും ആഗോളതലത്തിൽ ഇപ്പോഴും ഏറ്റവും കൂടുതൽ പിആർ നേടുന്നത് ഇന്ത്യക്കാർ തന്നെയാണ്. നിലവിൽ കാനഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫ്രാങ്കോഫോൺ വിഭാഗം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എന്നിവ വഴിയുള്ള അപേക്ഷകർക്കാണ് കാനഡ കൂടുതൽ മുൻഗണന നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





