ഡൽഹി: ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ കാനഡയിലേക്ക്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കാനഡയിലും അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഉഭയകക്ഷി സാമ്പത്തിക-ധനകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ആഗോള സാമ്പത്തിക മുൻഗണനകളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ എട്ടുദിവസത്തെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ ടൊറന്റോയിലെത്തുന്ന ധനമന്ത്രി, കനേഡിയൻ ധനകാര്യ-ദേശീയ റവന്യൂ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്നുമായി ചേർന്ന് കാനഡ-ഇന്ത്യ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ ഡയലോഗിന് നേതൃത്വം നൽകും.
മാക്രോ ഇക്കണോമിക് വികസനം, സാമ്പത്തിക മേഖലയിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപ അവസരങ്ങൾ എന്നിവ ഈ ചർച്ചയിൽ പ്രധാന വിഷയം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഊർജ്ജം, ക്രിട്ടിക്കൽ മിനറൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ, വരാനിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) എന്നിവയിലെ സഹകരണ സാധ്യതകളും വിലയിരുത്തും. ഊർജ്ജ-സാങ്കേതിക മേഖലയിലെ പ്രമുഖരുമായി നിക്ഷേപ റൗണ്ട് ടേബിളുകളിൽ പങ്കെടുക്കുന്ന മന്ത്രി, ഗുജറാത്തിലെ ജിഎഫ്‌ടി സിറ്റിയിലെ (GIFT City-IFSC) സാമ്പത്തിക സാധ്യതകളും വിശദീകരിക്കും.
ടൊറന്റോയിലെ കനേഡിയൻ ക്ലബ്ബും കാനഡ-ഇന്ത്യ ബിസിനസ് കൗൺസിലും ചേർന്നൊരുക്കുന്ന പരിപാടിയിലും, കനേഡിയൻ കമ്പനി സിഇഒമാരുമായും ഇന്ത്യൻ പൊതുമേഖലാ ബാങ്ക് മേധാവിമാരുമായും ടൊറന്റോയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ആഗസ്റ്റ് 28-ന് യു.എസ് സന്ദർശനം ആരംഭിക്കുന്ന നിർമ്മല സീതാരാമൻ ചിക്കാഗോ, ആഷ്‌വില്ലെ, ന്യൂയോർക്ക് എന്നീ നഗരങ്ങൾ സന്ദർശിക്കും. ചിക്കാഗോയിൽ വ്യവസായികളുമായുള്ള റൗണ്ട് ടേബിൾ ചർച്ചകളിലും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ‘പോൾസ്കി സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് ഇന്നൊവേഷൻ’ സന്ദർശനത്തിലും അവർ പങ്കാളിയാകും. ആഷ്‌വില്ലെയിൽ നടക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും (FMCBG) പ്രധാന യോഗത്തിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര ധനമന്ത്രി നയിക്കും. ന്യൂയോർക്കിലെ നിക്ഷേപ സംഗമങ്ങൾക്ക് ശേഷം, ആഗോള സാമ്പത്തിക-മൂലധന വിപണികളുടെ പ്രവർത്തനങ്ങൾ നേരിട്ടു കാണുന്നതിനായി നാസ്‌ഡാക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലും (bell-ringing ceremony) മന്ത്രി പങ്കെടുക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





