സസ്കാച്വാൻ: സസ്കാച്വാനിൽ വിദേശ തൊഴിലാളികളെ ചൂഷണംചെയ്തതിനും നിയമവിരുദ്ധമായി പണം ഈടാക്കിയതിനും തൊഴിലുടമയ്‌ക്കെതിരെ കടുത്ത നിയമനടപടിയുമായി പ്രവിശ്യാ ഭരണകൂടം. സെയ്ദ് താഹ റിസ്‌വി എന്നയാൾക്കും ഇയാളുടെ ഉടമസ്ഥതയിലുള്ള ‘102092451 സസ്കാച്വാൻ ലിമിറ്റഡ്’ എന്ന കമ്പനിക്കുമെതിരെയാണ് ഇമിഗ്രേഷൻ നിയമപ്രകാരം എട്ട് കേസുകൾ ചുമത്തിയത്. സ്വിഫ്റ്റ് കറന്റിലെ ‘ഹുസ്കി ട്രാവൽ സെന്ററിൽ’ 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.

ഫോറിൻ വർക്കർ റിക്രൂട്ട്‌മെന്റ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആക്ട് (FWRISA), ഇമിഗ്രേഷൻ സർവീസസ് ആക്ട് (ISA) എന്നിവ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ പരിചയക്കുറവും ഭയവും മുതലെടുത്ത് ചൂഷണം ചെയ്തതിന് എഫ്.ഡബ്ല്യു.ആർ.ഐ.എസ്.എ സെക്ഷൻ 22(g), ഐ.എസ്.എ സെക്ഷൻ 5-1(g) എന്നിവ പ്രകാരം രണ്ടു വീതം കേസുകളും, ജോലി നൽകുന്നതിനായി തൊഴിലാളികളിൽ നിന്ന് നിയമവിരുദ്ധമായി ഫീസുകൾ ഈടാക്കിയതിന് എഫ്.ഡബ്ല്യു.ആർ.ഐ.എസ്.എ സെക്ഷൻ 23(5), ഐ.എസ്.എ സെക്ഷൻ 5-3(5) പ്രകാരം രണ്ടു വീതം കേസുകളുമാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ ആദ്യ വിചാരണ 2026 ഓഗസ്റ്റ് 19 ബുധനാഴ്ച സ്വിഫ്റ്റ് കറന്റ് പ്രൊവിൻഷ്യൽ കോടതിയിൽ നടന്നു.
സസ്കാച്വാനിലെ ഇമിഗ്രേഷൻ ആൻഡ് കരിയർ ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രോഗ്രാം കോംപ്ലയൻസ് ബ്രാഞ്ചാണ് പരാതികളിൻമേൽ നടപടി സ്വീകരിച്ചത്. തൊഴിൽപരമായ ചൂഷണങ്ങളോ അവകാശ ലംഘനങ്ങളോ നേരിടുന്ന വിദേശ തൊഴിലാളികൾക്ക് pcb@gov.sk.ca എന്ന ഇമെയിൽ വഴിയോ 833-613-0485 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. ആരുടെയും അനുമതിയില്ലാതെ തന്നെ തൊഴിലാളികൾക്ക് അധികൃതരെ സമീപിക്കാമെന്നും പരാതിക്കാരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




