വാട്ടർഫോർഡ്: ന്യൂ ബ്രൺസ്വിക്കിലെ വാട്ടർഫോർഡിൽ നിർദ്ദിഷ്ട വിൻഡ് ഫാം പദ്ധതിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമീണരുടെ അഭിപ്രായം തേടാതെ പ്രാദേശിക വികസന നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. നാച്ചുറൽ ഫോഴ്സസ് എന്ന കമ്പനിയും തദ്ദേശീയ പങ്കാളികളും ചേർന്ന് 42 കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി 15 യന്ത്രങ്ങൾ വഴി 22,000 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് നീക്കം. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന് പ്രവിശ്യാ ഭരണകൂടം അനുമതി നൽകിയതോടെ ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും.
എന്നാൽ 2022-ൽ പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കിയ വില്ലേജ് മാസ്റ്റർ പ്ലാനിൽ തങ്ങളെ അറിയിക്കാതെ തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നത് അനീതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. പുതിയ ഭേദഗതി വരുന്നതോടെ പ്രദേശത്തെ ഏത് ഭൂമിയിലും കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാൻ കമ്പനിക്ക് അനുമതി ലഭിക്കും. കൂടാതെ, താത്കാലിക വീടുകളെയും ക്യാമ്പുകളെയും വാസസ്ഥലങ്ങളായി പരിഗണിക്കില്ലെന്ന വ്യവസ്ഥ കൊണ്ടുവരുന്നത് നിലവിലെ ജനവാസ സുരക്ഷാ മാനദണ്ഡങ്ങളെ പൂർണ്ണമായും ഇല്ലാതാക്കും.
ഇതിനെതിരെ പ്രദേശവാസികളായ 128 ആളുകൾ ഒപ്പിട്ട നിവേദനം ലോക്കൽ ഗവൺമെന്റ് മന്ത്രി ആരോൺ കെന്നഡിക്ക് സമർപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭാഗം കേൾക്കാതെ യാതൊരു നിയമഭേദഗതിക്കും അംഗീകാരം നൽകരുതെന്നാണ് ഇവരുടെ ആവശ്യം. പദ്ധതിക്ക് നിയമഭേദഗതി തയ്യാറാക്കിയ ഡില്ലൺ കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന് കാറ്റാടി കമ്പനിയുമായി സാമ്പത്തിക ബന്ധമുണ്ടെന്നും തങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങൾ ആരോപിക്കുന്നു. പരാതികൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചെങ്കിലും സ്വന്തം നാടിന്റെ ആവാസവ്യവസ്ഥയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാൻ ഉറച്ചുനിൽക്കുകയാണ് വാട്ടർഫോർഡിലെ ഗ്രാമീണർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









