സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിന്റെ തലസ്ഥാന നഗരത്തിന് സമീപം ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെ ചെറു സിപ്ലെയിൻ കാട്ടിലേക്ക് തകർന്നു വീണു. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സെന്റ് ജോൺസ് നഗരത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള പാഡീസ് പോണ്ട് എന്ന ജലാശയത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ‘മെർലിൻ ജി.ടി’ (Merlin GT) ഇനത്തിൽപ്പെട്ട ചെറുവിമാനത്തിന്റെ എഞ്ചിൻ തകരാറിലാവുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തൊട്ടടുത്തുള്ള വനമേഖലയിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് സെന്റ് ജോൺസ് റീജിയണൽ ഫയർ ഡിപ്പാർട്ട്‌മെന്റ് പ്ലാറ്റൂൺ ചീഫ് ജെഫ് ഹാച്ചർ അറിയിച്ചു.
രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തുകടന്നിരുന്നു. ഇതിൽ ഒരാൾ കാട്ടിലൂടെ നടന്ന് പ്രധാന ഹൈവേയിൽ കാത്തുകിടന്നിരുന്ന ആംബുലൻസിന് അടുത്തെത്തി. രണ്ടാമത്തെയാളെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് കാട്ടിൽ നിന്ന് പുറത്തെത്തിച്ചത്. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ALSO READ; ശക്തമായ മിന്നലും കൊടുങ്കാറ്റും: വാൻകൂവർ വിമാനത്താവളം സ്തംഭിച്ചു, നാശനഷ്ടം
ഹാലിഫാക്സിലെ ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ വ്യക്തമാക്കുന്നതനുസരിച്ച്, വെള്ളത്തിൽ പൊങ്ങിനിൽക്കാൻ സൗകര്യമുള്ള ‘ഫ്ലോട്ട്സ്’ ഘടിപ്പിച്ച ഏകദേശം 6 മീറ്റർ നീളവും 9 മീറ്ററിലധികം ചിറകളവുമുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. 2.5 കിലോമീറ്റർ നീളമുള്ള പാഡീസ് പോണ്ടിൽ ഒരു ഫോറസ്ട്രി സ്റ്റേഷനും സീപ്ലെയിൻ ബേസും പ്രവർത്തിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് കാനഡയിലെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അന്വേഷണം ആരംഭിച്ചതായി റോയൽ ന്യൂഫൗണ്ട്‌ലാൻഡ് കോൺസ്റ്റാബുലറി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









