ഓട്ടവ: കാനഡയിലെ റീട്ടെയിൽ വിൽപ്പന മേഖലയിൽ ജൂൺ മാസത്തിൽ ആശ്വാസകരമായ വർധന. മുൻ മാസത്തെ അപേക്ഷിച്ച് ജൂണിൽ കച്ചവടത്തിൽ 0.6 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ‘സ്റ്റാറ്റിസ്റ്റിക്സ് കാനഡ’ വ്യക്തമാക്കി. ഇതോടെ ആകെ ചില്ലറ വിൽപ്പന 7,430 കോടി ഡോളറിലെത്തി. ജനറൽ മർച്ചൻഡൈസ് സ്റ്റോറുകളിലെ വിൽപ്പനയിലുണ്ടായ ഉണർവാണ് ഈ വളർച്ചയ്ക്ക് പ്രധാനമായും വഴിവെച്ചത്.
ആകെ നിരീക്ഷിച്ച ഒൻപത് ഉപമേഖലകളിൽ ഏഴിലും ജൂണിൽ വിൽപ്പന വർധിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ, അനുബന്ധ സാമഗ്രികൾ, ചെരിപ്പുകൾ, സ്വർണാഭരണങ്ങൾ, ബാഗുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിൽ 3.1 ശതമാനത്തിന്റെ വർധനയുണ്ടായി. ജനറൽ മർച്ചൻഡൈസ് സ്റ്റോറുകളിൽ 2.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ധന വിതരണ കേന്ദ്രങ്ങളെയും വാഹന-സ്പെയർ പാർട്സ് വില്പനയെയും ഒഴിവാക്കിയുള്ള പ്രധാന ചില്ലറ വിൽപ്പന 1.2 ശതമാനവും, വിൽപ്പനയുടെ അളവ് അടിസ്ഥാനമാക്കിയുള്ള വളർച്ച 1.5 ശതമാനവുമാണ്.
എന്നാൽ ജൂണിലെ ഈ മുന്നേറ്റം ജൂലൈയിൽ തുടരാൻ സാധ്യതയില്ലെന്നാണ് സൂചന. ജൂലൈ മാസത്തിൽ ചില്ലറ വിൽപ്പനയിൽ 0.8 ശതമാനത്തിന്റെ ഇടിവുണ്ടായേക്കാമെന്നാണ് പ്രാഥമിക അനുമാനം. അതേസമയം, ഇത് സംബന്ധിച്ച അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കാമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





