വിൻസർ: പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹായം തേടി വിൻസർ-എസെക്സ് ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി. തങ്ങളുടെ സംരക്ഷണയിലുള്ള 700 കുട്ടികൾക്ക് സ്കൂൾ ബാഗുകളും മറ്റ് ആവശ്യസാധനങ്ങളും നൽകാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഉദാരമതികളുടെ പിന്തുണയോടെ ഇതിനകം 600 കുട്ടികൾക്കുള്ള ബാഗുകൾ സജ്ജമാക്കിയിട്ടുണ്ട്.
നാഷണൽ ബാങ്ക്, വിൻസർ-എസെക്സ് കൗണ്ടി അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് എന്നീ സ്ഥാപനങ്ങൾ നൽകിയ സഹായമാണ് 600 ബാഗുകൾ ഒരുക്കാൻ സഹായിച്ചത്. ഇനി 100 ബാഗുകൾ കൂടി ആവശ്യമുണ്ട്. കൂടാതെ കളർ പെൻസിലുകൾ, ബൈൻഡറുകൾ, ലൈൻഡ് പേപ്പറുകൾ തുടങ്ങിയ പഠനോപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്. ലക്ഷ്യമിട്ട ഫണ്ട് സമാഹരണത്തിൽ നിലവിൽ 5,000 ഡോളറിന്റെ കുറവുണ്ടെന്നും സംഘടകർ അറിയിച്ചു.
കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടാനുള്ള ഗ്രനോള ബാറുകൾ, സ്നാക്ക് പാക്കറ്റുകൾ എന്നിവയും ആവശ്യമുണ്ട്. പുസ്തകങ്ങൾക്ക് പുറമെ ചെരിപ്പുകൾ കൂടി വയ്ക്കാൻ പാകത്തിലുള്ള വലിയ വലിപ്പമുള്ള സ്കൂൾ ബാഗുകൾ നൽകാൻ താല്പര്യമുള്ളവർ മുന്നോട്ടുവരണമെന്നാണ് ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി അഭ്യർത്ഥിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




