എഡ്മിന്റൻ: എഡ്മിന്റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിവസങ്ങൾക്ക് മുൻപ് ജയിൽ മോചിതനായ ആളാണ് പ്രതി. ഓഗസ്റ്റ് 20 വ്യാഴാഴ്ചയാണ് 27-കാരനായ പ്രതി ഫെഡറൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം നിയമപ്രകാരം തങ്ങേണ്ട ഹാഫ്വേ ഹൗസിൽ റിപ്പോർട്ട് ചെയ്യാതെ മുങ്ങിയ ശേഷമാണ് ഇയാൾ ഗുരുദ്വാരയിൽ അക്രമം നടത്തിയത്. പ്രതിയിൽ നിന്ന് സ്ക്രൂഡ്രൈവർ അടക്കമുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു.
അക്രമത്തിൽ രണ്ട് പേർക്ക് കുത്തേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പ്രാർത്ഥനാ മുറിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞതാണ് അക്രമത്തിൽ കലാശിച്ചത്. അക്രമിയെ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ആളുകൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു
സംഭവത്തിന് പിന്നിൽ വംശീയ വിദ്വേഷമുണ്ടോ എന്ന കാര്യത്തിൽ പൊലീസിന്റെ ഹേറ്റ് ക്രൈം വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും എഡ്മിന്റൻ മേയർ ആൻഡ്രൂ നാക്കും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിക്കുകയും സിഖ് സമൂഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





