ഓട്ടവ: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ കാനഡ സന്ദർശനത്തെച്ചൊല്ലി വൻ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന് പിന്തുണയുമായി നൂറിലധികം സംഘടനകൾ രംഗത്തെത്തി. ഭാഗവത്തിന് കാനഡയിൽ പ്രവേശനം നിഷേധിക്കണമെന്ന ആവശ്യങ്ങൾ തള്ളിക്കളയണമെന്നും, കള്ളപ്രചാരണങ്ങൾക്കപ്പുറം കൃത്യമായ തെളിവുകളുടെയും നിയമനടപടികളുടെയും മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് നൂറിലധികം കനേഡിയൻ സംഘടനകളും സിവിൽ ലിബർട്ടി ഗ്രൂപ്പുകളും സംയുക്തമായി കത്തയച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി, ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ്, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്.
എൻഡിപി എംപിമാരായ ജെനി ക്വാനും ഹെതർ മക്ഫേഴ്സണും ഉൾപ്പെടെയുള്ളവർ മോഹൻ ഭഗവതിനെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച പശ്ചാത്തലത്തിലാണ് സമുദായ സംഘടനകൾ തിരിച്ചടിച്ചിരിക്കുന്നത്. ദശലക്ഷത്തിലധികം വരുന്ന കനേഡിയൻ ഹിന്ദു സമൂഹത്തിന് മോഹൻ ഭഗവതിന്റെ സന്ദർശനം അതീവ പ്രാധാന്യമുള്ളതാണെന്നും, സാമൂഹിക സേവന രംഗത്തും സാംസ്കാരിക മേഖലകളിലും സജീവമായ പങ്കുവഹിക്കുന്ന വലിയൊരു പ്രസ്ഥാനമാണ് ആർഎസ്എസ് എന്നും സംഘടനകൾ വ്യക്തമാക്കുന്നു.
വിദ്വേഷ പ്രസംഗം നടത്തുന്നയാളാണെന്നോ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നോ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നോ ഉള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. കൃത്യമായ തെളിവുകളില്ലാതെ ഇത്തരത്തിലുള്ള കടുത്ത ആരോപണങ്ങൾ അംഗീകരിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശനം കാനഡയിൽ ക്രമസമാധാന പ്രശ്നമോ പൊതുസുരക്ഷാ ഭീഷണിയോ ഉണ്ടാക്കുമെന്ന വാദങ്ങളെ ചോദ്യം ചെയ്ത സംഘടനകൾ, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങൾ വിവേചനപരമാണെന്നും ഇത്തരം നീക്കങ്ങൾ “ഹിന്ദുഫോബിയ” വളർത്താൻ മാത്രമേ ഉപകരിക്കൂ എന്നും ചൂണ്ടിക്കാട്ടി.
കാനഡ ഇന്ത്യ ഫൗണ്ടേഷൻ, കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം, കനേഡിയൻ ആര്യസമാജ്, ബ്രാംപ്ടൺ ഹിന്ദു സൊസൈറ്റി, വിഎച്ച്പി കാനഡ, ഹിന്ദു സ്വയംസേവക് സംഘ് അടക്കമുള്ള പ്രമുഖ സംഘടനകളും വിവിധ ക്ഷേത്ര ട്രസ്റ്റുകളുമാണ് ഈ നിവേദനത്തിന് പിന്നിലുള്ളത്. ജനാധിപത്യപരമായ എതിർപ്പുകളെ ബഹുമാനിക്കുമ്പോൾ തന്നെ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സമത്വവും ബഹുസ്വരതയും ഉറപ്പാക്കണമെന്നാണ് ഇവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





