ഒട്ടാവ: രാജ്യത്തുടനീളം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയ കമ്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാതെ കാനഡ പോസ്റ്റ്. നാൽപ്പത് ലക്ഷത്തോളം വിലാസങ്ങളിലേക്കുള്ള നേരിട്ടുള്ള തപാൽ വിതരണം നിർത്തി കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നിർമ്മാതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ സ്ഥാപനം മറച്ചുവെക്കുന്നത്. ഒരു കനേഡിയൻ കമ്പനിയാണ് പെട്ടികൾ നൽകുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ പേരോ ഇവ നിർമ്മിക്കുന്നത് എവിടെയാണെന്നോ വെളിപ്പെടുത്താൻ കാനഡ പോസ്റ്റ് തയ്യാറായിട്ടില്ല.
വാണിജ്യ രഹസ്യമെന്ന് കാനഡ പോസ്റ്റ്
ഈ വർഷം അവസാനത്തോടെയും അടുത്ത വർഷം ആദ്യത്തോടെയുമായി ഒന്നര ലക്ഷത്തോളം വിലാസങ്ങളിലേക്ക് പുതിയ മെയിൽബോക്സുകൾ സ്ഥാപിക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്. കരാറുകളുമായി ബന്ധപ്പെട്ട വാണിജ്യ രഹസ്യങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് കാനഡ പോസ്റ്റിന്റെ നിലപാട്. എന്നാൽ, കരാർ ലഭിച്ച കനേഡിയൻ കമ്പനി തന്നെയാണ് ഈ മെയിൽബോക്സുകൾ നിർമ്മിക്കുന്നത് അതോ മറ്റ് രാജ്യങ്ങളിൽ നിന്ന് നിർമ്മിച്ച് ഇറക്കുമതി ചെയ്യുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും തപാൽ വകുപ്പ് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
മുൻകാല കരാറുകളും നിർമ്മാതാക്കളും
മുൻപ് ഈ കരാറിനായി ലേലത്തിൽ പങ്കെടുത്ത മൺട്രിയാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘പി. റിയോപെൽ ഇൻകോർപ്പറേഷൻ’ എന്ന കമ്പനിയാണ് നിലവിൽ ഒരു കനേഡിയൻ കമ്പനിക്കാണ് കരാറെന്ന വിവരം സ്ഥിരീകരിച്ചത്. 1957 മുതൽ മെയിൽബോക്സുകൾ നിർമ്മിക്കുന്ന റിയോപെൽ കമ്പനിക്ക് മുൻപ് ഈ കരാർ ലഭിച്ചിരുന്നില്ല. അന്ന് ഡെൻമാർക്ക് കമ്പനിയായ ‘ട്രെക്കോ’യ്ക്കാണ് നിർമ്മാണ കരാർ നൽകിയിരുന്നത്. വർഷത്തിൽ 7,500 ബോക്സുകൾ വീതം നാല് വർഷത്തേക്ക് നൽകാനായിരുന്നു അന്നത്തെ ധാരണ.
Also Read : നയാഗ്ര ഹെൽത്തിന് അര മില്യൺ ഡോളറിന്റെ കൈത്താങ്ങ്: മാതൃകയായി ഇന്ത്യൻ കുടുംബം
‘ബൈ കനേഡിയൻ’ നയവും സാമ്പത്തിക ബാധ്യതയും
2025 ഡിസംബർ 16-ന് പ്രാബല്യത്തിൽ വന്ന ‘ബൈ കനേഡിയൻ’ നയത്തിന്റെ ഭാഗമായാണ് പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകാൻ കാനഡ പോസ്റ്റ് നിർബന്ധിതരായത്. എന്നാൽ തദ്ദേശീയ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് കരാർ നൽകുന്നത് തപാൽ വകുപ്പിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ വിൻസെന്റ് ഗെലോസോ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കരാർ ലഭിച്ച കമ്പനി ഏതാണെന്ന് വെളിപ്പെടുത്താൻ മറ്റ് പ്രാദേശിക നിർമ്മാതാക്കളായ സെൻഡ്രെക്സ്, കനേഡിയൻ മെയിൽബോക്സ് കമ്പനി എന്നിവരും തയ്യാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





