ഹാലിഫാക്സ്: ഹാലിഫാക്സ് ഡൗൺടൗണിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമവും കൈയേറ്റശ്രമവും. ശനിയാഴ്ച ഉച്ചയ്ക്ക് ലോവർ വാട്ടർ സ്ട്രീറ്റിൽ വെച്ചാണ് ഇന്ത്യൻ വംശജനായ ഷാലു ഷാജന് നേരെ അജ്ഞാതന്റെ അതിക്രമമുണ്ടായത്. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയ ഷാലുവിനെ അപരിചിതനായ വ്യക്തി വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കയ്യിലുണ്ടായിരുന്ന ബാഗ്‌പൈപ്പ് ഉപയോഗിച്ച് കാറിന്റെ സൈഡ് മിററിലും തുടർന്ന് ട്രങ്കിലും അക്രമി ബോധപൂർവം അടിക്കുകയായിരുന്നുവെന്ന് ഷാലു പറഞ്ഞു. വാഹനം തട്ടിയത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ കൂടുതൽ അക്രമാസക്തനായത്. തൊട്ടടുത്ത് വന്നുനിന്ന് ഉറക്കെ സംസാരിച്ച അക്രമി, “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്നും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ച് അധിക്ഷേപം തുടർന്നു.
സംഭവം കണ്ട് ഓടിയെത്തിയ വഴിയാത്രക്കാരനായ റേവൻ ഫോക്സും ഇയാളുടെ വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. പോലീസിൽ വിവരമറിയിക്കാൻ ഫോണെടുത്തതോടെയാണ് അക്രമി വാട്ടർഫ്രണ്ട് ഭാഗത്തേക്ക് നടന്നുപോയത്. തുടർന്ന് ഷാലു ഹാലിഫാക്സ് റീജിയണൽ പോലീസിനും അവരുടെ ഹേറ്റ് ക്രൈം യൂണിറ്റിലും പരാതി നൽകുകയും അക്രമിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
വംശീയ വിദ്വേഷത്തോടെയുള്ള കുറ്റകൃത്യമാണോ ഇതെന്ന് സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി സൗത്ത് ഏഷ്യൻ വംശജർക്ക് നേരെ കാനഡയിൽ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2021-ൽ ഇത്തരത്തിലുള്ള 167 പരാതികൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2025-ൽ ഇത് 483 ആയി ഉയർന്നു. സംഭവത്തിൽ ഇൻഡോ-കനേഡിയൻ അസോസിയേഷൻ ഓഫ് നോവ സ്കോഷ്യ ആശങ്ക രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




