നെതർലാൻഡ്സ്: നെതർലാൻഡ്സിനെ കുഴക്കുന്ന ഒരു അപൂർവ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ആംസ്റ്റർഡാം പോലീസ്. 2023 മേയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആംസ്റ്റർഡാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോഴും നിഗൂഢമായി തുടരുന്നത്. രോഗാവസ്ഥ കാരണം സ്വന്തം വിവരങ്ങളോ നാടോ വെളിപ്പെടുത്താൻ സാധിക്കാത്ത ഇദ്ദേഹത്തിന്റ പക്കൽ തിരിച്ചറിയൽ രേഖകളോ ബാങ്ക് കാർഡുകളോ ഉണ്ടായിരുന്നില്ല. ‘ലക്കി’ എന്ന് വിളിക്കപ്പെടുന്ന ഈ വ്യക്തി ഒരുപക്ഷേ കാനേഡിയനാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ എത്തിനിൽക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു മൂന്ന് വർഷം പിന്നിട്ടിട്ടും ഇയാളുടെ കുടുംബത്തെയോ യഥാർത്ഥ പേരോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലക്കിക്ക് ഭാഗികമായി സംസാരശേഷി വീണ്ടുകിട്ടിയെങ്കിലും സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനോ വ്യക്തമായ വിവരങ്ങൾ പങ്കുവെക്കാനോ ഇപ്പോഴും സാധിക്കുന്നില്ല. നിലവിൽ ഒരു കെയർ ഹോമിൽ കഴിയുന്ന ഇയാളെ തിരിച്ചറിയാൻ റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കോൾഡ് കേസ് സ്ക്വാഡ് സജീവമായി രംഗത്തുണ്ട്. ആംസ്റ്റർഡാമിലെ ഒരു ബുദ്ധിസ്റ്റ് സമൂഹത്തിലും പൊതുവിപണികളിലും സജീവമായിരുന്ന ഇയാൾ ലക്കി, ലൂയിസ്, ലീ, ജോൺ, സണ്ണി എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ഇയാൾ ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന ഒരു റെസ്റ്റോറന്റിൽ നിന്നാണ് നിർണായക വിവരം പോലീസിന് ലഭിക്കുന്നത്. അവിടെ ഇയാൾ ‘ക്രിസ് ദി കനേഡിയൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കൂടാതെ, ഇയാൾ സംസാരിക്കുമ്പോൾ കനേഡിയൻ അല്ലെങ്കിൽ അമേരിക്കൻ ശൈലിയിലുള്ള ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്ന് ഇയാളെ പലപ്പോളായി കണ്ടിട്ടുള്ള ആളുകൾ പറയുന്നു. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഇയാൾ ‘non-sense’, ‘definitely’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാറുണ്ട്. നെതർലാൻഡ്സിൽ ഇരുപത് വർഷത്തോളമായി ജീവിക്കുന്ന ഒരാളെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നത് അവിശ്വസനീയമാണെന്ന് പോലീസുകാർ പറയുന്നു. ലക്കിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്ന് ആംസ്റ്റർഡാം പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





