ഒന്റാരിയോ: ഒന്റാറിയോ, ക്യുബെക് പ്രവിശ്യകളിൽ വിറ്റഴിച്ച വിവിധ ബ്രാൻഡുകളുടെ ചീസ് ഉൽപ്പന്നങ്ങൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അടിയന്തരമായി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഈ ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിയാങ്ക മുർഗിയ ബ്രാൻഡിന്റെ ബുറാന്റിന പുഗ്ലീസ് – ഫ്രഷ് സ്ട്രെച്ച്ഡ് ചീസ് വിത്ത് ക്രീം, ട്രഫിൾസ് ചേർത്ത ബുറാറ്റിന പുഗ്ലീസ് അൽ താർതുഫോ എന്നീ ഉൽപ്പന്നങ്ങളിലാണ് ബാക്ടീരിയ സാന്നിധ്യം പ്രാഥമികമായി കണ്ടെത്തിയത്. ഇവയ്ക്ക് പുറമെ ലോംഗോസ് കുറാറ്റോ ബുറാറ്റ സോഫ്റ്റ് ഫ്രഷ് ചീസ്, സപോരി കൊറാറ്റിനി സ്ട്രാചിയാറ്റെല്ല എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചവയുടെ പട്ടികയിലുണ്ട്. രോഗകാരിയല്ലാത്ത ഇനം ഇ-കോളി ബാക്ടീരിയയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും, മുൻകരുതൽ എന്ന നിലയ്ക്കാണ് വിപണിയിൽ നിന്നും ഇവ നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
ശുചിത്വ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാകാം ബാക്ടീരിയ സാന്നിധ്യത്തിന് കാരണമായതെന്ന് സി.എഫ്.ഐ.എ വ്യക്തമാക്കി. ഉപഭോക്താക്കൾ തങ്ങളുടെ പക്കലുള്ള ഉൽപ്പന്നങ്ങളുടെ ബാച്ച് നമ്പറുകളും യു.പി.സി കോഡുകളും പരിശോധിക്കണമെന്നും, ഇവ കൈവശമുണ്ടെങ്കിൽ ഉടൻ തന്നെ നശിപ്പിച്ചു കളയുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഹോട്ടലുകൾക്കും വ്യാപാരികൾക്കും ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




