തിരുവനന്തപുരം: 2026-ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ വിവിധ റാങ്കുകളിലുള്ള 281 പൊലീസുദ്യോഗസ്ഥരാണ് ഇക്കുറി പുരസ്‌കാരത്തിന് അർഹരായത്. സംസ്ഥാന പൊലീസ് മേധാവിയുടെയും സ്ക്രീനിങ് സമിതിയുടെയും ശുപാർശ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, എഎസ്ഐമാർ, സിവില്‍ പൊലീസ് ഓഫീസർമാർ, വനിതാ ഉദ്യോഗസ്ഥർ എന്നിവരെയാണ് മെഡലിനായി തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പ്രഖ്യാപിക്കാറുള്ള മെഡൽ പട്ടിക ഇത്തവണ പുറത്തിറങ്ങിയത് അർധരാത്രി വൈകിയാണ്.
പതിവുപോലെ പൊലീസ് ആസ്ഥാനത്തുനിന്ന് അർഹരായവരുടെ പട്ടിക മുൻകൂട്ടി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ആഭ്യന്തര വകുപ്പിൽ നിന്നുള്ള പരിശോധനകളും നടപടികളും സമയബന്ധിതമായി പൂർത്തിയാകാതിരുന്നതാണ് പ്രഖ്യാപനം വൈകാൻ
കാരണമായത്. സ്വാതന്ത്ര്യദിന തലേന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കേണ്ട പുരസ്‌കാരങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം അർധരാത്രിയോടെ മാത്രം പുറത്തുവിട്ടത് വ്യാപക വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
Also Read : https://canadavarthakal.ca/india-celebrates-independence-day-red-fort-vande-mataram/
അതേസമയം, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്ന് ഒൻപത് പേർ അർഹരായി. പ്രശസ്തമായ നരബലി കേസ്, സ്വർണ്ണക്കൊള്ള എന്നിവ അന്വേഷിച്ച എസ് പി ശശിധരനാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത്. ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണപിള്ള, ഡിവൈഎസ്പി വി ആർ രവി കുമാർ, എസ്പി ജി ഉജ്ജ്വൽ കുമാർ, ഡിവൈഎസ്പി എസ് എസ് സുരേഷ് ബാബു എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം നേടി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവരും അംഗീകാരം കരസ്ഥമാക്കി.
Chief Minister’s Police Medals announced; 281 people were awarded, list released late at midnight
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




