ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം (Permanent Residence) ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായി എക്‌സ്പ്രസ് എൻട്രി സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഫെഡറൽ സർക്കാർ. 2027-ഓടെ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പുതിയ നയം രൂപീകരിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ തേടി കാനഡ ഇമിഗ്രേഷൻ വിഭാഗം (IRCC) സർവേ ആരംഭിച്ചിട്ടുണ്ട്.
നാല് പ്രധാന മുൻഗണനാ മേഖലകൾ
പുതിയ നീക്കത്തിന്റെ ഭാഗമായി പ്രധാനമായും നാല് മേഖലകളെ കേന്ദ്രീകരിച്ചാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. അമേരിക്കയിലെ H-1B വിസ കൈവശമുള്ള സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് (STEM) പ്രൊഫഷണലുകളെ കാനഡയിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിൽ പ്രധാനം. കൂടാതെ, നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ, ക്ലീൻ ടെക്നോളജി, ഹെൽത്ത് ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകർക്കും പ്രത്യേക മുൻഗണന ലഭിക്കും.
ഇതിനുപുറമെ, രാജ്യത്തിന്റെ ഇന്റർനാഷണൽ ടാലന്റ് അട്രാക്ഷൻ സ്ട്രാറ്റജി (ITAS) വഴി പ്രൊഫസർമാരും പോസ്റ്റ്-ഡോക്ടറൽ ഗവേഷകരുമടക്കം ആയിരത്തിലധികം പ്രമുഖരെ കാനഡയിലെത്തിക്കാൻ പദ്ധതിയുണ്ട്. ഗ്ലോബൽ ടാലന്റ് സ്ട്രീം (GTS) വഴി അതിവേഗ വർക്ക് പെർമിറ്റിൽ എത്തുന്ന ഉയർന്ന വൈദഗ്ധ്യമുള്ള AI പ്രൊഫഷണലുകൾക്ക് സ്ഥിരതാമസത്തിലേക്ക് എളുപ്പത്തിൽ മാറാനുള്ള അവസരമൊരുക്കുന്നതാണ് നാലാമത്തെ ഘടകം.
READ MORE ; കാനഡ ഇമിഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത
എക്‌സ്പ്രസ് എൻട്രിയിലെ മറ്റ് പ്രധാന മാറ്റങ്ങൾ
2027-ൽ എക്‌സ്പ്രസ് എൻട്രി വഴി മാത്രം 1,22,000 പേർക്ക് സ്ഥിരതാമസം നൽകാനാണ് കാനഡ പദ്ധതിയിടുന്നത്. നിലവിലുള്ള കാറ്റഗറികളുടെ എണ്ണം കുറച്ച് കൂടുതൽ വ്യക്തമായ തരംതിരിവുകൾ കൊണ്ടുവരുന്നതിനൊപ്പം, ഉയർന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് Comprehensive Ranking System (CRS) വഴി കൂടുതൽ ബോണസ് പോയിന്റുകൾ നൽകുന്ന രീതിയും പരിഗണനയിലുണ്ട്. രാജ്യത്തെ തൊഴിൽ ക്ഷാമം കൂടുതൽ കൃത്യതയോടെ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പൊതുജന അഭിപ്രായ സർവേ ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 1 വരെയാണ് നടക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





