നോർത്ത് വെസ്റ്റ് ടെറിട്ടറീസ്: നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാമിലേക്കുള്ള (NTNP) ക്വാട്ട വർധിപ്പിച്ചു. ഇതോടെ 2026-ലെ ടെറിട്ടറിയുടെ ആകെ നോമിനേഷൻ ക്വട്ട 197-ൽ നിന്ന് 300 ആയി ഉയർന്നു. തുടർച്ചയായ ഇടപെടലുകളിലൂടെ 2025-ന്റെ അവസാനത്തിൽ കൈവരിച്ച അതേ ഉയർന്ന നിരക്കിലേക്ക് ഇതോടെ ടെറിട്ടറി വീണ്ടും എത്തിച്ചേർന്നു.
സീറ്റുകൾ വർദ്ധിച്ച സാഹചര്യത്തിൽ ‘എംപ്ലോയർ ഡ്രിവൺ സ്ട്രീമിന്’ (Employer-Driven Stream) കീഴിൽ ഓഗസ്റ്റ് 26, 2026-ന് അധിക നറുക്കെടുപ്പ് നടക്കും. ഈ ഡ്രോയിലേക്ക് പരിഗണിക്കുന്നതിനായി തൊഴിലുടമകൾ ഓഗസ്റ്റ് 24-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഓഗസ്റ്റ് 7-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഗവൺമെന്റ് ഓഫ് ദി നോർത്ത് വെസ്റ്റ് ടെറിട്ടറീസ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
2026ലെ അവസാന നറുക്കെടുപ്പ് സെപ്റ്റംബർ 25-ന് നടക്കും. ഇതിനായി സെപ്റ്റംബർ 22 വരെയുള്ള ഇഒഐ പ്രൊഫൈലുകളാണ് പരിഗണിക്കുക. ഈ വർദ്ധനവോടെ 2026-ൽ മൊത്തം നാല് നറുക്കെടുപ്പുകളാണ് എൻടിഎൻപി നടത്തുന്നത്. അതേസമയം, ഫ്രാങ്കോഫോൺ സ്ട്രീം, ബിസിനസ് സ്ട്രീം എന്നിവ മുൻപത്തെപ്പോലെ തന്നെ ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ തുടരും.
2026 മാർച്ചിലും ജൂണിലുമായി എൻടിഎൻപി രണ്ട് പ്രധാന നറുക്കെടുപ്പുകളാണ് പൂർത്തിയാക്കിയത്. മാർച്ച് 25-ന് നടന്ന ആദ്യ ഡ്രോ വഴി 65 പേർക്ക് ക്ഷണം ലഭിച്ചു. ഇതിൽ എൻഡബ്ല്യുടി എക്സ്പ്രസ് എൻട്രി വഴി 32 പേർക്കും, സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാം വഴി 20 പേർക്കും, എൻട്രി ലെവൽ/സെമി-സ്കിൽഡ് വിഭാഗത്തിൽ നിന്ന് 13 പേർക്കുമാണ് അവസരം ലഭിച്ചത്. ഇതിൽ 37 പേർ യെല്ലോനൈഫിൽ നിന്നുള്ളവരും 28 പേർ പുറത്തുനിന്നുള്ളവരുമായിരുന്നു.
തുടർന്ന് ജൂൺ 25-ന് നടന്ന രണ്ടാമത്തെ ഡ്രാേ വഴി 79 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഇതിൽ എക്സ്പ്രസ് എൻട്രി വഴി 40 പേരും, സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാം വഴി 20 പേരും, എൻട്രി ലെവൽ വിഭാഗത്തിൽ നിന്ന് 19 പേരും തെരഞ്ഞെടുക്കപ്പെട്ടു. യെല്ലോനൈഫിൽ നിന്ന് 52 പേർക്കും പുറത്തുനിന്ന് 27 പേർക്കുമാണ് അവസരം ലഭിച്ചത്. 2026 ഫെബ്രുവരി അവസാനത്തോടെയാണ് എൻടിഎൻപി എംപ്ലോയർ ഡ്രിവും സ്ട്രീം എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) സിസ്റ്റത്തിലേക്ക് മാറ്റിയത്.
പുതിയ പോയിന്റ് സംവിധാനത്തിൽ പ്രായം, വിദ്യാഭ്യാസം, ഭാഷാ നൈപുണ്യം, പ്രവൃത്തിപരിചയം എന്നിവയ്ക്ക് പരമാവധി 375 പോയിന്റും, നിലവിലെ ജോലിയും ട്രേഡ് ജോബ് ഓഫറും ഉൾപ്പെടെ പ്രദേശവുമായുള്ള ബന്ധം പരിഗണിച്ച് പരമാവധി 340 പോയിന്റും, കുടുംബബന്ധങ്ങളും പഠനവും അടിസ്ഥാനമാക്കി പരമാവധി 130 പോയിന്റും ലഭിക്കും.
തദ്ദേശീയ തൊഴിലുടമയിൽ നിന്ന് സാധുതയുള്ള ജോബ് ഓഫർ ലഭിച്ച ശേഷം, തൊഴിലുടമ പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിച്ച് നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഉദ്യോഗാർത്ഥി ഇഒഐ പ്രൊഫൈൽ സമർപ്പിക്കണം. സമർപ്പിക്കുന്ന പ്രൊഫൈലുകൾക്ക് 12 മാസത്തെ കാലാവധിയുണ്ടാകും. ഉയർന്ന പോയിന്റ് നേടുന്ന പ്രൊഫൈലുകൾക്ക് NTNP നോമിനേഷൻ അപേക്ഷ സമർപ്പിക്കാൻ ഇൻവിറ്റേഷൻ നൽകുകയും, അത് ലഭിക്കുന്ന മുറയ്ക്ക് ഫെഡറൽ ഗവൺമെന്റിൽ സ്ഥിരതാമസത്തിന് അപേക്ഷ നൽകാനും സാധിക്കും.
അപേക്ഷാരീതികളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും തൊഴിലുടമകൾക്കുമായി സൂം വഴി രണ്ട് സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ സെഷൻ ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 2:00 മുതൽ 3:30 വരെ നടക്കും. ഇതിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഓഗസ്റ്റ് 17 വൈകുന്നേരം 5മണി വരെ സമയമുണ്ട്. രണ്ടാമത്തെ സെഷൻ ഓഗസ്റ്റ് 20 രാവിലെ 10:00 മുതൽ 11:30 വരെയായിരിക്കും. ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12:00 മണിവരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് immigration@gov.nt.ca എന്ന ഇമെയിലിൽ ബന്ധപ്പെട്ടാം.
Northwest Territories increases PNP quota
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





